നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ്

Update: 2025-12-26 01:52 GMT

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഐഎസ് സംഘടനയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ട്രംപ് അറിയിച്ചു. നൈജീരിയന്‍ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് യുദ്ധവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൊക്കോട്ടോ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നത്. നൈജീരിയയില്‍ ക്രിസ്ത്യാനികളെ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലുകയാണെന്ന് നിരന്തരമായി ആരോപണം ഉയരുന്നുണ്ട്. ഈ വിഷയം യുഎസിലെ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും നിരന്തരമായി ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് നൈജീരിയയില്‍ ആക്രമണം നടത്താന്‍ യുദ്ധ വകുപ്പിന് ട്രംപ് നിര്‍ദേശം നല്‍കുകയായിരുന്നു.