അതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്‍

Update: 2025-06-12 16:09 GMT
അതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്‍

തെഹ്‌റാന്‍: യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ നേരിടാന്‍ സൈനികമായി തയ്യാറാണെന്നും അതിക്രമങ്ങള്‍ക്ക് മുതിരുന്നവര്‍ അദ്ഭുതപ്പെടുമെന്നും ഇറാന്‍. പശ്ചിമേഷ്യയില്‍ നിന്നും സൈനികരെ നീക്കം ചെയ്യുന്നതടക്കമുള്ള യുഎസ് നടപടികള്‍ ഇറാന് ഭീഷണിയല്ലെന്നും അവരുടെ താല്‍പര്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാണെന്നതിന്റെ തെളിവാണെന്നും ഇറാന്‍ സൈനിക നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം 2,000 കിലോഗ്രാം തൂക്കംവരുന്ന സ്‌ഫോടകവസ്തുക്കള്‍ വഹിക്കാവുന്ന മിസൈലുകള്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇറാനെ ആക്രമിക്കാന്‍ ആരെങ്കിലും ശ്രമം നടത്തുന്നതായി തോന്നിയാല്‍ മുന്‍കൂര്‍ ആക്രമണം നടത്തുമെന്നാണ് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ പറഞ്ഞത്.


ഇസ്രായേല്‍ ആക്രമിച്ചാല്‍ യുഎസ് പശ്ചിമേഷ്യ വിട്ടുപോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാജ്യവ്യാപകമായി സൈനിക പരിശീലനം നടത്തുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല് മുഹമ്മദ് ബാഗേരി പ്രഖ്യാപിച്ചു.

ഇറാഖിലെ ബാഗ്ദാദിലെ എംബസിയിലെ ജീവനക്കാരെയും ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ സൈനികത്താവളങ്ങളില്‍ നിന്ന് സൈനികരെയും യുഎസ് മാറ്റിയിട്ടുണ്ട്. ഇസ്രായേല്‍ ഇറാനെ ആക്രമിക്കുകയാന്‍ പോവുകയാണെന്നും മറുപടിയായി ഇറാന്‍ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചേക്കാമെന്നുമാണ് യുഎസ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിന്റെ നിരവധി സൈനികരഹസ്യങ്ങള്‍ ചാരന്‍മാര്‍ ചോര്‍ത്തിയതായി ഇറാന്‍ അറിയിച്ചിരുന്നു. ഇസ്രായേലിന്റെ രഹസ്യ ആണവപദ്ധതികളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇറാന് നേരെ ആക്രമണമുണ്ടായാല്‍ ഈ കേന്ദ്രങ്ങളെ തകര്‍ക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു.

Similar News