പശ്ചിമേഷ്യയില്‍ യുദ്ധം നടത്താനുള്ള യുഎസ് പ്രസിഡന്റിന്റെ അധികാരം പിന്‍വലിച്ച് ജനപ്രതിനിധി സഭ

Update: 2025-09-11 16:38 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധങ്ങള്‍ നടത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനുമതികള്‍ പിന്‍വലിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. സഭയിലെ 261 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായും 167 പേര്‍ എതിരായും വോട്ടു ചെയ്തു. ഗള്‍ഫ് യുദ്ധകാലത്ത് പ്രസിഡന്റിന് നല്‍കിയ പ്രത്യേക അധികാരം എടുത്തുകളയാനാണ് തീരുമാനം. യുഎസ് കോണ്‍ഗ്രസിനെ മറികടന്ന് പ്രസിഡന്റ് സൈനികനടപടികള്‍ സ്വീകരിക്കുന്നത് തടയാന്‍ ഇത് സഹായിക്കുമെന്ന് പ്രമേയം കൊണ്ടുവന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി ചിപ് റായ് പറഞ്ഞു. 1991ല്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനാണ് ആദ്യം പശ്ചിമേഷ്യന്‍ യുദ്ധത്തിന് അധികാരം നല്‍കിയത്. ഇറാഖ് അധിനിവേശത്തിനായി ജോര്‍ജ് ഡബ്ല്യു ബുഷും സിറിയയിലും ഇറാഖിലും വ്യോമാക്രമണം നടത്താന്‍ പ്രസിഡന്റ് ഒബാമ 2014ലും അധികാരം ഉപയോഗിച്ചു. 2020ല്‍ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ ഡോണള്‍ഡ് ട്രംപ് ഈ അധികാരം ഉപയോഗിച്ചു. ജോ ബൈഡന്‍ തന്റെ ഭരണകാലത്ത് ഈ അധികാരം ഉപയോഗിച്ചില്ല.