ഇറാനിലെ ''കൊലപാതകങ്ങളുടെ കണക്ക്'' പാശ്ചാത്യമാധ്യമങ്ങള്‍ക്ക് നല്‍കുന്നത് യുഎസ് ഏജന്‍സി

Update: 2026-01-14 07:15 GMT

വാഷിങ്ടണ്‍: ഇറാന്‍ സര്‍ക്കാര്‍ പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നുവെന്ന പ്രചാരണത്തിന് പിന്നില്‍ യുഎസ് ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സി. യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍ഡോവ്‌മെന്റില്‍ നിന്നും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ദി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് (എച്ച്ആര്‍എഎന്‍എ) പാശ്ചാത്യമാധ്യമങ്ങള്‍ക്ക് ഇറാന്‍ വിരുദ്ധ വാര്‍ത്തകളുണ്ടാക്കാന്‍ കണക്കുകള്‍ നല്‍കുന്നത്. യുഎസിലെ വിര്‍ജീനിയ കേന്ദ്രമായാണ് എച്ച്ആര്‍എഎന്‍എ പ്രവര്‍ത്തിക്കുന്നത്.

എച്ച്ആര്‍എഎന്‍എയെ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ റിപോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോഴും അവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് മൗനം പാലിക്കുന്നു. ഈ സംഘടന മനുഷ്യാവകാശ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ എപിയും ബിബിസിയുമെല്ലാം അവകാശപ്പെടുന്നത്. ഇവരാരും സംഘടനയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് റിപോര്‍ട്ട് ചെയ്യാറില്ല. അതേസമയം, ഫലസ്തീനിലെ ഗസയിലെ ആരോഗ്യ വകുപ്പിനെ ഹമാസ് നടത്തുന്ന ആരോഗ്യവകുപ്പെന്ന് വിശേഷിപ്പിച്ചു. ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണത്തില്‍ സംശയം ജനിപ്പിക്കുകയായിരുന്നു ലക്ഷ്യം.

2025 ജൂണിലെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളെല്ലാം സൈനികകേന്ദ്രങ്ങളിലായിരുന്നു എന്ന് ലോകത്തെ തെറ്റിധരിപ്പിക്കാനും എച്ച്ആര്‍എഎന്‍എ ശ്രമിച്ചിരുന്നു. ഇസ്രായേലി വ്യോമാക്രമണങ്ങളുടെ കൃത്യതയെ കുറിച്ച് അവര്‍ നിരവധി റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ, ഇസ്രായേലി ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടന്നത് സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലായിരുന്നു എന്ന് ഇറാന്‍ തെളിയിച്ചു.

ശീതയുദ്ധകാലത്താണ്, 1983ല്‍ നാഷണല്‍ എന്‍ഡോവ്‌മെന്റ് ഓഫ് ഡെമോക്രസി എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. യുഎസ് നേതൃത്വത്തിലുള്ള ആഗോള വ്യവസ്ഥയെ പിന്തുണക്കാനാണ് ജനാധിപത്യ പ്രചാരണമാണ് ലക്ഷ്യമെന്ന പേരില്‍ സംഘടന രൂപീകരിച്ചത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുള്ള റേഡിയോ ഫ്രീ യൂറോപ്പ്, ഫ്രീഡം ഹൗസ് എന്നിവരായിരുന്നു ആദ്യകാല നടത്തിപ്പുകാര്‍. നാഷണല്‍ എന്‍ഡോവ്‌മെന്റ് ഓഫ് ഡെമോക്രസിയുടെ പലപ്രവര്‍ത്തനങ്ങളും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഓപ്പറേഷനുകളായിരുന്നു എന്ന് മുന്‍ പ്രസിഡന്റ് കാള്‍ ഗെര്‍ഷ്മാന്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.