വാഷിങ്ടണ്‍: ചൈനയില്‍ നിന്നും ഇറാനിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലില്‍ അതിക്രമിച്ച് കയറി യുഎസ് സൈന്യം. നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ യുഎസ്-ഇന്‍ഡോ-പസിഫിക് കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇറാന് ആയുധങ്ങളുണ്ടാക്കാന്‍ വേണ്ട വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. ഇറാന് യുഎസ് നേരത്തെ തന്നെ സ്വേഛാപരമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി. യുഎസ് സൈനിക നടപടിയെ ചൈന അപലപിച്ചു. നേരത്തെ വെനുസ്വേലയിലേക്ക് ചൈന അയച്ച എണ്ണട്ടാങ്കറും യുഎസ് സൈന്യം റെയ്ഡ് ചെയ്തിരുന്നു. കടല്‍ക്കൊള്ളയാണ് യുഎസ് നടത്തുന്നതെന്ന് വെനുസ്വേല സര്‍ക്കാര്‍ പറഞ്ഞു.