സൗദിക്ക് നല്‍കുന്ന എഫ്-35ല്‍ ഇസ്രായേലിനുള്ള ഫീച്ചറുകളുണ്ടാവില്ലെന്ന് റിപോര്‍ട്ട്

Update: 2025-11-20 06:26 GMT

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് യുഎസ് നല്‍കുന്ന എഫ്-35 യുദ്ധവിമാനങ്ങള്‍ക്ക് ഫീച്ചറുകള്‍ കുറവായിരിക്കുമെന്ന് സൈനിക വിദഗ്ദര്‍. ഇസ്രായേലിന് യുഎസ് നല്‍കുന്ന എഫ്-35 വിമാനങ്ങളെക്കാള്‍ ഫീച്ചര്‍ കുറവായിരിക്കും സൗദിക്കുള്ള വിമാനങ്ങള്‍ക്കെന്നാണ് വിദഗ്ദര്‍ പറയുന്നത്. മധ്യപൗരസ്ത്യ ദേശത്ത് ഇസ്രായേലിനുള്ള സൈനിക മേധാവിത്വം ഉറപ്പുവരുത്തുന്ന യുഎസ് നയത്തിന് അനുസൃതമായിട്ടായിരിക്കും വിമാനങ്ങള്‍ നല്‍കുക.

യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന എഫ്-35ല്‍ സ്വന്തം ആയുധസംവിധാനങ്ങള്‍ ഘടിപ്പിക്കാനുള്ള അവകാശം പോലും യുഎസ് സര്‍ക്കാര്‍ ഇസ്രായേലിന് നല്‍കിയിട്ടുണ്ട്. മിഷന്‍ ഡാറ്റ ഫയല്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ ത്രെറ്റ് ലൈബ്രറീസ്, റഡാര്‍ എമിറ്റര്‍ ഡാറ്റബേസ്, ഇലക്ട്രോണിക് അറ്റാക്ക് ആന്‍ഡ് ജാമിങ് പ്രൊഫൈല്‍, സെന്‍സര്‍ ഫ്യൂഷന്‍ ലോജിക്, വെപണ്‍ എംപ്ലോയ്‌മെന്റ് അല്‍ഗോരിതം എന്നീ സോഫ്റ്റ് വെയര്‍ ശേഷികളും ഇസ്രായേലിനുണ്ട്.

സൗദി അറേബ്യയ്ക്ക് ഫൈറ്റര്‍ ജെറ്റുകള്‍ ലഭിച്ചാലും, അഞ്ചാം തലമുറ വിമാനങ്ങള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എയര്‍-ടു-എയര്‍ മിസൈലായ എഐഎം 260 ജോയിന്റ് അഡ്വാന്‍സ്ഡ് ടാക്റ്റിക്കല്‍ മിസൈല്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് മിച്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എയ്റോസ്പേസ് സ്റ്റഡീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് ബിര്‍ക്കി പറഞ്ഞു. എന്നാല്‍, 120 മൈല്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ ഇസ്രായേലിന് നല്‍കും.

സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് യുഎസ് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ, ഓരോ രാജ്യങ്ങള്‍ക്കും പല ശേഷിയിലുള്ള വിമാനങ്ങളാണ് നല്‍കുന്നത്. പൂര്‍ണശേഷിയുള്ള എഫ്-35 യുഎസ് ആര്‍ക്കും നല്‍കിയിട്ടില്ല. ഇപ്പോള്‍ സൗദിക്ക് നല്‍കാന്‍ പോവുന്ന വിമാനം സോഫ്റ്റ്‌വെയര്‍ തലത്തില്‍ നോക്കുകയാണെങ്കില്‍ ഇസ്രായേലിനെക്കാള്‍ സാങ്കേതികമായി താഴ്ന്നതാണ്. നിലവില്‍ രണ്ടു സ്‌ക്വാഡ്രണ്‍ എഫ്-35 വിമാനങ്ങളാണ് ഇസ്രായേലിന്റെ കൈവശമുള്ളത്. 24 എണ്ണമാണ് ഒരു സ്‌ക്വാഡ്രണിലുള്ളത്. മൂന്നാം സ്‌ക്വാഡ്രണ്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, സൗദിക്ക് രണ്ടു സ്‌ക്വാഡ്രണ്‍ മാത്രമാണ് നല്‍കുക.

2008ല്‍ യുഎസ് സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരം ഇസ്രായേലിന്റെ സൈനികശേഷിയെ ബാധിക്കാത്ത രീതിയില്‍ മാത്രമേ യുഎസ് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാവൂ. സൗദി അറേബ്യക്കുള്ള ഏതൊരു ആയുധകയറ്റുമതിക്കും യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. നിലവിലെ ജനപ്രതിനിധികളുടെ കണക്കുവച്ച് യുഎസ് കോണ്‍ഗ്രസിന്റെ തീരുമാനത്തെ വീറ്റോ ചെയ്യാനുള്ള അധികാരം ട്രംപിന് ഇല്ല.