വാഷിങ്ടണ്‍: യെമനിലെ ഹൂത്തികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലിനെ വിന്യസിച്ച് യുഎസ് സൈന്യം. നേരത്തെ ചെങ്കടലില്‍ വിന്യസിച്ചിരുന്ന ഈ പടക്കപ്പല്‍ അല്‍പ്പകാലമായി ഗ്രീസിലെ ഒരു തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഈജിപ്തിലെ പോര്‍ട്ട് സെയ്ദില്‍ എത്തിയ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ ഒരു വാണിജ്യക്കപ്പലുമായി കൂട്ടിയിടിക്കുകയുമുണ്ടായി. ഇതിന് ശേഷം അറ്റകുറ്റപണികള്‍ നടത്തിയ ശേഷമാണ് തിരിച്ചുവന്നിരിക്കുന്നത്. ഹൂത്തികളെ ആക്രമിച്ച് ഇസ്രായേലിന് സംരക്ഷണം നല്‍കലാണ് ഈ പടക്കപ്പലിന്റെ പ്രധാനലക്ഷ്യം. ഹൂത്തികളെ വിദേശതീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.