ഇസ്രായേലി നേതൃത്വത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് യുഎസ് സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തും

Update: 2025-09-23 05:23 GMT

ന്യൂയോര്‍ക്ക്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലികളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് തയ്യാറെടുക്കുന്നു. നിലവില്‍ ജഡ്ജിമാര്‍ക്കെതിരേ ഉപരോധങ്ങളുണ്ട്. അത് മുഴുവന്‍ കോടതി സംവിധാനത്തിനും എതിരെ വ്യാപിപ്പിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കോടതിയുടെ സാമ്പത്തിക ഇടപാടുകളും ഓഫിസ് സോഫ്റ്റ് വെയര്‍ ഉപയോഗവും വരെ തടസപ്പെടും. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റ് എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിക്കെതിരേ യുഎസ് രംഗത്തെത്തിയത്. ഗസയിലെ സംഭവങ്ങളില്‍ അന്വേഷണം നടത്തുന്ന പ്രോസിക്യൂട്ടര്‍ കരീം ഖാനെതിരെ ലൈംഗിക പീഡന പരാതിയും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കരീം ഖാന്‍ അവധിയില്‍ പ്രവേശിച്ചു. ഇസ്രായേലും യുഎസുമാണ് ലൈംഗിക പീഡനപരാതിയുടെ പിന്നിലെന്ന് കരീം ഖാനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.