സിറിയയില്‍ നിന്നും യുഎസ് സൈനികര്‍ പൂര്‍ണമായും പിന്‍മാറിയേക്കും

Update: 2026-01-24 13:57 GMT

ദമസ്‌കസ്: സിറിയയില്‍ നിന്നും യുഎസ് സൈനികര്‍ പൂര്‍ണമായും പിന്‍മാറിയേക്കും. വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫിനെ സിറിയന്‍ അറബ് സൈന്യം പരാജയപ്പെടുത്തിയതാണ് കാരണം. സിറിയന്‍ അറബ് സൈന്യം പൂര്‍ണനിയന്ത്രണം പിടിച്ചാല്‍ പിന്നെ സിറിയയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിറിയയില്‍ നിന്നും പൂര്‍ണമായും പിന്‍മാറുമെന്ന് 2018ല്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതോടെ അന്നത്തെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിയും വച്ചു. പിന്നീട് അല്‍പ്പം സൈനികരെ സിറിയയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ ഏകദേശം ആയിരം യുഎസ് സൈനികര്‍ വടക്കുകിഴക്കന്‍ സിറിയയിലുണ്ടെന്നാണ് വിലയിരുത്തല്‍. ഐഎസ് പ്രവര്‍ത്തനങ്ങള്‍ തടയലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസ് പറഞ്ഞിരുന്നത്. നിരവധി ഐഎസ് തടവുകാരെ എസ്ഡിഎഫ് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍, സിറിയന്‍ അറബ് സൈന്യം പ്രദേശത്ത് എത്തിയതോടെ ഈ തടവുകാരെ യുഎസ് ഇറാഖിലേക്ക് മാറ്റിത്തുടങ്ങി. അല്‍ ഹസാക്ക തടങ്കല്‍പ്പാളയത്തില്‍ നിന്ന് 150 ഐഎസ് തടവുകാരെയാണ് ഇതുവരെ ഇറാഖിലേക്ക് മാറ്റിയിട്ടുള്ളത്. ഏകദേശം 7,000 തടവുകാരെ ഇറാഖിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തല്‍.