ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ വിമാനത്തെ പിന്തുടര്‍ന്ന് ചൈനീസ് സൈനിക ഹെലികോപ്റ്റര്‍ (വീഡിയോ)
മനീല: സൗത്ത് ചൈന സമുദ്രത്തിലെ തര്‍ക്കപ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ഫിലിപ്പൈന്‍സ് വിമാനത്തെ ചൈനീസ് നാവികസേനയുടെ ഹെലികോപ്റ്റര്‍ പിന്തുടര്‍ന്നു. ഇതോടെ നിരീക്ഷണ ദൗത്യം അവസാനിപ്പിച്ച് ഫിലിപ്പൈന്‍സ് വിമാനം മനീലയിലേക്ക് മടങ്ങി. സൗത്ത് ചൈന സമുദ്രത്തിലെ സ്‌കാബറ ഷോല്‍ എന്ന ചെറുദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്.
ഈ ദ്വീപിന് സമീപത്തുകൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പലുകളെ നിരീക്ഷിക്കാനാണ് മാധ്യമപ്രവര്‍ത്തകരുമായി ഫിലിപ്പൈന്‍സ് സര്‍ക്കാരിലെ ഫിഷറീസ് വകുപ്പിന്റെ വിമാനം എത്തിയത്. ഈ വിമാനത്തിന്റെ മൂന്നു മീറ്റര്‍ അടുത്തുവരെ ചൈനീസ് ഹെലികോപ്റ്റര്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ഫിലിപ്പൈന്‍സിന്റെ സഖ്യകക്ഷിയായ യുഎസ് പ്രതിഷേധിച്ചു. ചൈനീസ് എയര്‍സ്‌പേസില്‍ കയറിവന്ന ഫിലിപ്പൈന്‍സ് വിമാനത്തെ പുറത്താക്കുകയാണ് ചെയ്തതെന്ന് ചൈനയും പ്രതികരിച്ചു. സൗത്ത് ചൈന സമുദ്രത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ അധികാരപരിധിയിലാണെന്നാണ് ചൈനയുടെ നിലപാട്.
