മോദി ട്രംപിനെ കണ്ടിട്ടും ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് യുഎസ്

Update: 2025-02-16 05:50 GMT

അമൃത്‌സര്‍: യുഎസില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചത് വിലങ്ങിട്ടെന്ന് റിപോര്‍ട്ട്. ഇന്നലെ രാത്രി 11.40ന് യുഎസ് സൈനികവിമാനത്തില്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്നവര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് വിമാനത്തിലെത്തിച്ചത്. അതുതന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചത്.

ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് കൊണ്ടുവരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൗരന്‍മാരുടെ അന്തസ് കാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റിലും ഉയര്‍ത്തി. ഇതോടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ ഇന്ത്യക്കാരെ മോശക്കാരാക്കി കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു.

ഇതിന് ശേഷം മോദി യുഎസില്‍ പോയി ട്രംപിനെ കണ്ടു. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാലും കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും യുഎസ് തയ്യാറായില്ല.