ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടു; എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി

Update: 2026-03-14 03:04 GMT

തെഹ്റാന്‍: ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ കനത്ത ബോംബാക്രമണം നടത്തി യുഎസ്. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

'മര്യാദയുടെ ഭാഗമായി' ഇപ്പോള്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ ദ്വീപുകളെ ആക്രമിച്ചാല്‍ യുദ്ധത്തില്‍ ഇതുവരെയുള്ള എല്ലാ നിയന്ത്രണവും കൈവിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അക്രമികളുടെ രക്തം ഒഴുകുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഖാര്‍ഗ് ദ്വീപിനെ ആക്രമിച്ചതോടെ യുദ്ധം കൂടുതല്‍ രൂക്ഷമായേക്കും.

യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിരിക്കെ യുഎസ് സൈന്യത്തിന്റെ പ്രതിരോധ, ആക്രമണ കപ്പലായ യുഎസ്എസ് ട്രിപോളി ഹോര്‍മുസ് കടലിടുക്കിലേക്ക് പുറപ്പെടുകയാണ്. 2000 നാവിക സേനാ അംഗങ്ങള്‍ കപ്പലില്‍ പുറപ്പെടുമെന്നും വാര്‍ സെക്രട്ടറി അനുമതി നല്‍കിയെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: