കലാപകാരികള്‍ക്കെതിരെ ഇറാനില്‍ കൂറ്റന്‍ റാലികള്‍ ; ഇറാനെ ആക്രമിച്ചാല്‍ യുഎസ് സൈനികതാവളങ്ങള്‍ കത്തിയെരിയും: സ്പീക്കര്‍
തെഹ്‌റാന്‍: ഇറാനെ ആക്രമിക്കുന്ന കാര്യം പരിഗണനയിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ആക്രമണമുണ്ടായാല്‍ യുഎസിന്റെ സൈനികതാവളങ്ങളും കപ്പലുകളും സൈനികരും ലക്ഷ്യമാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. '' ഇറാന്റെ തീയില്‍ വന്ന് എരിയുക, എല്ലാ യുഎസ് ഭരണാധികാരികള്‍ക്കും ചരിത്രത്തിലെ ഒരു ശാശ്വത പാഠമായി അത് മാറും. നിങ്ങള്‍ക്കും ഈ മേഖലയ്ക്കും എന്ത് സംഭവിക്കുമെന്ന് വന്ന് കണ്ടെത്തുക.'' കലാപകാരികള്‍ക്കെതിരെ തെഹ്‌റാനില്‍ നടന്ന റാലിയില്‍ സംസാരിക്കവേ ഖാലിബാഫ് പറഞ്ഞു.
''മഷ്ഹാദ് പ്രദേശം കലാപകാരികള്‍ പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ക്ക് ലഭിച്ച വിവരം പോലെ തന്നെ ഞങ്ങളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന ഉപദേശം തെറ്റാവാതിരിക്കാന്‍ ശ്രദ്ധിക്കുക. തെറ്റായ കണക്കുകൂട്ടലുകള്‍ നടത്താതിക്കുക. പിന്നീട് ഖേദിച്ചിട്ട് കാര്യമില്ല.....ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി)യുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ജനങ്ങള്‍ ബാസിജ് വളണ്ടിയര്‍മാരോടൊപ്പം, സൈനിക, സുരക്ഷാ സേനയ്ക്കൊപ്പം നിന്നു, ... ശത്രുക്കളെ പരാജയപ്പെടുത്തി. പ്രിയപ്പെട്ട ഇറാനിയന്‍ ജനത ശത്രുക്കളുടെ ഭീകര യുദ്ധത്തിന് പ്രഹരം ഏല്‍പ്പിച്ചു.''-അദ്ദേഹം പറഞ്ഞു.
''2025ല്‍ ഇറാന്‍ സൈന്യവും ജനങ്ങളും യുഎസിനെയും ഇസ്രായേലിനെയും യുദ്ധത്തില്‍ പരാജയപ്പെടുത്തി. ഇപ്പോള്‍ ഏഴുമാസത്തിന് ശേഷം അവര്‍ പുതിയ യുദ്ധം ആസുത്രണം ചെയ്യുകയാണ്. സൈനിക ആക്രമണത്തിലൂടെ ഇറാന്‍ ജനത ഛിന്നഭിന്നമായി പോവുമെന്നാണ് ശത്രുക്കള്‍ കരുതുന്നത്. മിഥ്യാകാഴ്ചയുള്ള യുഎസ് പ്രസിഡന്റിന്റെ യഥാര്‍ത്ഥ ശത്രുവാണ് ഇറാന്‍ ജനത.''-അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടുന്നതിനെ ചൈന ചോദ്യം ചെയ്തു. ഓരോ രാജ്യത്തിന്റെയും പരമാധികാരവും ഭൂപരമായ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു.

