ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; തിരിച്ചടി ഉടനെന്ന് ഇറാന്‍

Update: 2025-06-22 05:16 GMT

വാഷിങ്ടണ്‍: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി ഇറാനെതിരെ ഇസ്രായേല്‍ ആരംഭിച്ച യുദ്ധത്തില്‍ യുഎസ് പങ്കുചേര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ കേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന് അവകാശപ്പെട്ടു.

ഇറാന്റെ ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ള ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഗുവാം ദ്വീപില്‍നിന്നാണ് അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ യുഎസിലെ മിസോറിയിലുള്ള വൈറ്റ്മാന്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതോടെ ഏതുസമയവും ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്.

''മൂന്ന് ആണവ നിലയങ്ങളില്‍ വിജയകരമായി ആക്രമണം നടത്തി. നതാന്‍സ്, ഫോര്‍ദോ, ഇസ്ഫാന്‍ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിനുശേഷം ഇറാന്റെ വ്യോമപരിധിയില്‍നിന്ന് പുറത്തെത്തി. അമേരിക്കന്‍ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ്'' ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. ആക്രമിച്ചാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധത്തിന്റെ രൂപം തന്നെ മാറിയേക്കാം.