ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്ക് വിസ നല്‍കാതെ ഇസ്രായേല്‍; ബന്ധം മോശമാക്കരുതെന്ന് യുഎസ്

Update: 2025-07-18 16:46 GMT

തെല്‍അവീവ്: യുഎസില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്ക് വിസ നല്‍കുന്നതില്‍ ഇസ്രായേല്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുഎസ് പ്രതിനിധി മൈക്ക് ഹക്കാബി. ക്രിസ്തുമതപ്രചാരകര്‍ക്ക് വിസ നല്‍കുന്നതില്‍ 2025 തുടക്കം മുതല്‍ തടസങ്ങളുണ്ടെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി മോശെ ആര്‍ബെലിന് മൈക്ക് ഹക്കാബി കത്തെഴുതി. 1948 മുതല്‍ പ്രവര്‍ത്തിക്കുന്ന ബാപ്റ്റിസ്റ്റ് കോണ്‍ഫറന്‍സ്, ക്രിസ്ത്യന്‍ മിഷണറി അലയന്‍സ് തുടങ്ങിയവര്‍ക്ക് വിസകള്‍ ലഭിക്കുന്നില്ലെന്നാണ് ഹക്കാബി പറയുന്നത്.

''പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിനിധീകരിക്കുന്ന യുഎസ് അംബാസഡര്‍ എന്ന നിലയില്‍, ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഞാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം, ക്രിസ്ത്യന്‍ സംഘടനകളെയും പ്രതിനിധികളെയും ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നില്ലെന്നും സയണിസവുമായി ദീര്‍ഘകാല ബന്ധമുള്ള സംഘടനകളെ ഉപദ്രവിക്കുകയാണെന്നും പരസ്യമായി പ്രഖ്യാപിക്കേണ്ടി വരും. യുഎസിലെ ക്രിസ്ത്യാനികള്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് നല്‍കുന്ന സംഭാവനകളെ ഇസ്രായേലികള്‍ മോശമായാണ് കാണുന്നതെന്നും പറയേണ്ടി വരും. അത് യുഎസില്‍ നിന്നുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ വരവിനെ ബാധിക്കും. ഇറാനെതിരായ സംയുക്ത ആക്രമണത്തിലൂടെ ഇരുരാജ്യങ്ങളും ശക്തമായ ബന്ധത്തിലാണുള്ളത്. പ്രത്യേകമോ അസാധാരണമോ ആയ പരിഗണന ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. കാലങ്ങളായി നിലനില്‍ക്കുന്ന ദീര്‍ഘകാല നയത്തിന്റെ തുടര്‍ച്ച മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങളെ എതിരാളികളായി പരിഗണിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു.''-ഹക്കാബിയുടെ കത്ത് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സതേണ്‍ ബാപ്റ്റിസ്റ്റ് പാസ്റ്ററായ ഹക്കാബിയെ ഇസ്രായേല്‍ അംബാസിഡറാക്കിയത്. വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നയാളാണ് ഹക്കാബി.അഴിമതിക്കേസില്‍ പ്രതിയായ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ വരെ പോയി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചയാളുമാണ് ഹക്കാബി.