യുഎസ് പടക്കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു; ചെങ്കടലില്‍ പ്രവേശിക്കാന്‍ നില്‍ക്കെയായിരുന്നു അപകടം

Update: 2025-02-14 02:12 GMT

കെയ്‌റോ: ഇസ്രായേലിനെ സഹായിക്കാന്‍ പശ്ചിമേഷ്യയിലേക്ക് കൊണ്ടുവന്ന യുഎസ് പടക്കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലാണ് ഈജിപ്തിലെ പോര്‍ട്ട് സെയ്ദിന് സമീപം വച്ച് പാനമ പതാകയുള്ള ബെസിക്കിറ്റാസ് എം എന്ന വാണിജ്യക്കപ്പലുമായി കൂട്ടിയിടിച്ചത്. ചെങ്കടലിലേക്ക് പോവുന്നതിനായി സൂയസ് കനാലില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു അപകടം.പടക്കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കില്ല. ബുധനാഴ്ച്ച രാത്രിയാണ് സംഭവമെന്ന് യുഎസ് നേവി അറിയിച്ചു.

യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ നോര്‍ഫോക്കില്‍ നങ്കൂരമിട്ടിരുന്ന യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് പശ്ചിമേഷ്യയിലേക്ക് കൊണ്ടുവന്നത്. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലില്‍ യെമനിലെ ഹൂത്തികള്‍ പ്രഖ്യാപിച്ച കടല്‍ ഉപരോധത്തെ നേരിടാനായിരുന്നു നിര്‍ണായക നീക്കം. എന്നാല്‍, ഈ കപ്പലിനെ ഹൂത്തികള്‍ നിരവധി തവണ ആക്രമിച്ചു. ഒരു ലക്ഷം ടണ്‍ ശേഷിയുള്ള ഈ പടക്കപ്പലില്‍ നിരവധി യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാം. ഇതില്‍ ഒരു വിമാനത്തെയും ഹൂത്തികള്‍ വെടിവെച്ചിട്ടിരുന്നു.