രോഹിങ്ഗ്യകളെ കടലില്‍ തള്ളിയെന്ന റിപോര്‍ട്ട് വിശ്വസിക്കാന്‍ പ്രയാസമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: രോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ കടലില്‍ തള്ളിയെന്ന റിപോര്‍ട്ടുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സുപ്രിംകോടതി. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയും മ്യാന്‍മറിലെ പ്രശ്‌നങ്ങളെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയും തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. രോഹിങ്ഗ്യകളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സൂര്യകാന്ത് സെന്നിന്റെയും എന്‍ കോട്ടീശ്വര്‍ സിങിന്റെയും പരാമര്‍ശം.
ഏകദേശം 43 പേരെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കടലില്‍ തള്ളിയെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. മ്യാന്‍മറിലേക്കോ ഇന്തോനേഷ്യയിലേക്കോ നാടുകടത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞതെന്ന് ഹരജിക്കാര്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍, എല്ലാവരും മ്യാന്‍മറിലേക്ക് നാടുകടത്തരുതെന്ന് അപേക്ഷിക്കുകയും ഇന്തോനേഷ്യയില്‍ വിടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, മ്യാന്‍മറിന് സമീപം കടലില്‍ എറിഞ്ഞു. അവര്‍ നീന്തി കരയില്‍ കയറിയപ്പോഴാണ് മ്യാന്‍മര്‍ ആണെന്ന് മനസിലായതെന്നും ഹരജി പറയുന്നു.
അതേസമയം, 78 പേരെ ഇന്ത്യന്‍ അധികൃതര്‍ ബോട്ടില്‍ കൊണ്ടുവന്ന് തള്ളിയതായി ബംഗ്ലാദേശി അധികൃതര്‍ റിപോര്‍ട്ട് ചെയ്തു. സത്ഖിരയിലെ മന്ദര്‍ബേറിയ പ്രദേശത്ത് നിന്നാണ് ഇവരെ കണ്ടെത്തിയതത്രെ. ഇതില്‍ മൂന്നു ഇന്ത്യക്കാരുമുണ്ടെന്ന് പറയപ്പെടുന്നു. ഗുജറാത്തിലെ നെഹ്‌റുനഗര്‍ സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍(20), മുഹമ്മദ് ഹസന്‍ ഷാ(24), സൈഫുള്‍ ഷെയ്ഖ്(19) എന്നിവരാണ് ഇവരെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.