വിവാഹ വിരുന്നില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് സംഘര്‍ഷം; സാമ്പിള്‍ പരിശോധനക്ക് അയച്ചു

Update: 2025-12-01 13:18 GMT

അലീഗഡ്: വിവാഹ വിരുന്നില്‍ വിളമ്പിയ ഇറച്ചിക്കറിയുടെ സമീപം സ്ഥാപിച്ച ബോര്‍ഡിനെ ചൊല്ലി സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ അലീഗഡിലെ സിവില്‍ലൈന്‍സ് പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ഇറച്ചിക്കറിയുടെ സമീപം ബീഫ് കറി എന്ന ബോര്‍ഡ് കണ്ട ആകാശ്, ഗൗരവ് കുമാര്‍ എന്നിവരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തങ്ങളുടെ മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞാണ് അവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. എന്നാല്‍, ഇത് എരുമ മാംസമാണെന്ന് കാറ്ററിങുകാര്‍ പറഞ്ഞു. എരുമ മാംസവും ബീഫ് എന്നാണ് അറിയപ്പെടുന്നത്. സംഘര്‍ഷാവസ്ഥ ശക്തമായപ്പോള്‍ പോലിസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തി. അവര്‍ കറിയുടെ സാമ്പിളും ശേഖരിച്ചു. സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേരെ പിടികൂടി വിട്ടയച്ചതായി സര്‍ക്കിള്‍ ഓഫിസര്‍ സര്‍വം സിങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ സിവില്‍ലൈന്‍സ് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. ബിഎസ്പി നേതാവ് സല്‍മാന്‍ ഷാഹിദും സ്ഥലത്തെത്തി. ബിജെപിക്കാര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.