ഇന്ത്യയിലെ ജെന്‍ സി എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന ചോദ്യം; ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പോലിസ്

Update: 2025-09-13 07:41 GMT

ബുലന്ദ്ഷഹര്‍: അഴിമതിക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ നേപ്പാളിലെ ജെന്‍ സിയെ പോലെ ഇന്ത്യയിലെ ജെന്‍ സി എന്തു കൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന് ചോദ്യമുന്നയിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്. അര്‍പിത് ശര്‍മ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെയാണ് ബുലന്ദ്ഷഹര്‍ പോലിസ് കേസെടുത്തത്. അര്‍പിത് ശര്‍മയുടെ റീല്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും ജനങ്ങളെ പ്രകോപിതരാക്കാനുള്ള ശ്രമമാണെന്നും പോലിസ് ആരോപിച്ചു. അക്രമത്തിന് പ്രേരണ നല്‍കിയ ശര്‍മ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ശര്‍മക്കെതിരേ കഴിഞ്ഞ മൂന്നുവര്‍ഷമായി ഹിന്ദുത്വര്‍ ട്രോളുകളും മറ്റും നിര്‍മിക്കുന്നുണ്ട്. താന്‍ റീല്‍ തയ്യാറാക്കിയ സമയത്ത് നേപ്പാളിലെ പ്രതിഷേധം സമാധാനപൂര്‍ണമായിരുന്നുവെന്ന് ശര്‍മ ചൂണ്ടിക്കാട്ടുന്നു. ഗോഡ്‌സെയും സവര്‍ക്കറെയും എതിര്‍ത്തതിനാല്‍ തന്നെ ഭരണകൂടം വേട്ടയാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ അഹിംസയും ഭഗത് സിങിന്റെ ധൈര്യവും അംബേദ്ക്കറുടെ ഭരണഘടനയുമാണ് തന്റെ മാര്‍ഗമെന്നും അദ്ദേഹം വിശദീകരിച്ചു.