ദാല്‍ മണ്ഡിയിലെ ബുള്‍ഡോസര്‍ രാജ് തടഞ്ഞ് മുസ്‌ലിം സ്ത്രീകള്‍; കേസെടുത്തു

Update: 2025-11-21 15:48 GMT

വാരണസി: ഉത്തര്‍പ്രദേശിലെ വാരണസിയിലെ ദാല്‍ മണ്ഡിയിലെ ബുള്‍ഡോസര്‍ രാജ് തടഞ്ഞ് മുസ്‌ലിം സ്ത്രീകള്‍. റോഡിന് വീതി കൂട്ടണമെന്ന് പറഞ്ഞ് കടകള്‍ പൊളിക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണ് സ്ത്രീകള്‍ തടഞ്ഞത്. നോട്ടിസ് പോലും നല്‍കാതെ മുസ്‌ലിംകളുടെ വീടുകളും കടകളും പൊളിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ വീടിന് അകത്തുള്ള സമയത്താണ് ബുള്‍ഡോസറുകള്‍ എത്തി വീടുകള്‍ പൊളിക്കാന്‍ തുടങ്ങിയതെന്ന് പ്രദേശവാസിയായ ഷക്കീല ബീഗം പറഞ്ഞു. രേഖകള്‍ ചോദിച്ചപ്പോള്‍ അത് കാണിക്കാതെ പൊളിക്കല്‍ നടപടികള്‍ക്ക് ധൃതി കൂട്ടി. നിയമപ്രകാരം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചതെന്നും ഷക്കീല ബീഗം പറഞ്ഞു. ബുള്‍ഡോസറുകളുടെ മുന്നില്‍ കയറി നിന്നാണ് സ്ത്രീകള്‍ അവയെ തടഞ്ഞത്. പ്രദേശത്ത് നിയമവ്യവസ്ഥയുണ്ടെങ്കില്‍ അത് എല്ലാ വിഭാഗങ്ങളോടും തുല്യതയോടെ പെരുമാറണമെന്ന് പ്രദേശവാസിയായ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്തു. നീതിയുക്തമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടതിനാണ് പോലിസ് കേസെടുത്തതെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകയായ ഫര്‍സാന ഖാന്‍ പറഞ്ഞു.

ദാല്‍ മണ്ഡിയിലേത് രാഷ്ട്രീയ ബുള്‍ഡോസറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എംപി ചൂണ്ടിക്കാട്ടി. ദാല്‍ മണ്ഡി ഒരു ദിവസം കൊണ്ട് നിര്‍മിച്ച സ്ഥലമല്ല. അവിടത്തെ ബിസിനസുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളും ചരിത്രപരമായ കെട്ടിടങ്ങള്‍ക്ക് വിലനല്‍കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ എല്ലാം പൊളിച്ചു കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.