''നിന്റെ പിതാവ് അധ്വാനിച്ചുണ്ടാക്കിയ പണം എനിക്ക് വേണ്ട''; 31 ലക്ഷം സ്ത്രീധനം വേണ്ടെന്ന് പ്രഖ്യാപിച്ച് വരന്‍
മുസഫര്‍ നഗര്‍: സ്ത്രീധന ആചാരത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിച്ച വരന്റെ ധീരത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ നാഗ്വ സ്വദേശിയായ അവധേഷ് റാണയാണ് വധുവിന്റെ കുടുംബം കൊണ്ടുവന്ന 31 ലക്ഷം രൂപ നിരസിച്ചത്. നവംബര്‍ 22നാണ് ഷഹാബുദ്ദീന്‍പൂര്‍ സ്വദേശിയായ അദിതി സിങ്ങിനെ അവധേഷ് വിവാഹം കഴിച്ചത്. വിരുന്ന് ചടങ്ങിനിടെ, അദിതിയുടെ കുടുംബം അവധേഷിന് 31 ലക്ഷം രൂപ സ്ത്രീധനമായി നല്‍കാന്‍ ശ്രമിച്ചു. അവധേഷ് അത് നിരസിച്ചു. നിന്റെ പിതാവ് അധ്വാനിച്ചുണ്ടാക്കിയ പണം എനിക്ക് വേണ്ടെന്ന് അവധേഷ് അദിതിയോട് പറയുകയും ചെയ്തു. ഒരു പിതാവും മകളെ വിവാഹം കഴിപ്പിക്കാന്‍ വേണ്ടി ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുകയോ വായ്പ എടുക്കുകയോ ചെയ്യേണ്ടതില്ലെന്നും അവധേഷ് കൂട്ടിച്ചേര്‍ത്തു.