മുസ്‌ലിമിന് ഭൂമി വില്‍ക്കരുതെന്ന് റെസിഡന്‍സ് അസോസിയേഷന്‍; ഇടപാട് ഒഴിവാക്കി ഹിന്ദുസ്ത്രീ

Update: 2025-02-18 04:48 GMT

ബറെയ്‌ലി: മുസ്‌ലിമിന് ഭൂമി വില്‍ക്കരുതെന്ന റെസിഡന്‍സ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇടപാടില്‍ നിന്നും ഹിന്ദുസ്ത്രീ പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ ബിഹാരിപൂര ഖാത്രിയ പ്രദേശത്തെ ജ്യോതി സേത്തിനെയാണ് ഹിന്ദുത്വ റെസിഡന്‍സ് അസോസിയേഷന്‍ സ്വന്തം ഭൂമി വില്‍ക്കുന്നതില്‍ നിന്ന് തടഞ്ഞത്. 250 ചതുരശ്ര അടി വരുന്ന ഭൂമിയാണ് ജ്യോതി സേത്ത് വില്‍ക്കാനിട്ടിരുന്നത്. പരസ്യം കണ്ട തസ്‌ലീം എന്ന യുവാവ് ഭൂമിക്കായി ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അഡ്വാന്‍സും നല്‍കി.

എന്നാല്‍, വിവരമറിഞ്ഞ ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷമുണ്ടാവുമെന്ന് പറഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതിയും നല്‍കി. ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കാന്‍ 'ലാന്‍ഡ് ജിഹാദ്' നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. ഈ പരാതിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണവും പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ഇടപാടില്‍ നിന്നും ജ്യോതി സേത്ത് പിന്‍മാറുകയായിരുന്നു.