പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും യുപിയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കും:കേശവ പ്രസാദ് മൗര്യ

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കല്‍,ഏക സിവില്‍കോഡ് എന്നിവ ബിജെപിയുടെ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണ്

Update: 2022-04-24 09:46 GMT

ലഖ്‌നൗ:പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഉത്തര്‍പ്രദേശില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് യുപി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണ്,ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു.

ഇനി രാജ്യത്ത് ഏക സിവില്‍ കോഡിന്റെ ഊഴമാണെന്ന് ഭോപ്പാലില്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അമിത് ഷാ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് മൗര്യയുടെ പ്രസ്താവന.നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം.'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന നയത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ ലഭിക്കുമെങ്കില്‍ നിയമങ്ങളും ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കല്‍,ഏക സിവില്‍കോഡ് എന്നിവ ബിജെപിയുടെ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണ്. പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുകയാണെങ്കില്‍ സന്തോഷം. അല്ലെങ്കില്‍ പ്രതിപക്ഷത്തെ അവഗണിച്ച് നടപ്പാക്കും.പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കാന്‍ കഴിഞ്ഞു.ഏക സിവില്‍ കോഡും അതേ രീതിയില്‍ തന്നെ നടപ്പാക്കുമെന്നും മൗര്യ പറഞ്ഞു.

മൗര്യയുടെ പ്രസ്താവനയെ പിന്തുണച്ച് സംസ്ഥാന ബിജെപി വക്താവ് ഹരീഷ് ശ്രീവാസ്തവയും രംഗത്തെത്തി.ബിജെപിയുടെ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണ് ഇതെന്നും,ഏക സിവില്‍ കോഡ് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും ഹരീഷ് ശ്രീവാസ്തവ പറഞ്ഞു.

തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിഷയത്തില്‍ പാര്‍ലമെന്റിലും സമൂഹത്തിലും വിശദമായ ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ വക്താവ് അബ്ദുള്‍ ഹാഫിസ് ഗാന്ധി പറഞ്ഞു.

Tags:    

Similar News