അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ വാദങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Update: 2025-12-23 04:03 GMT

ലഖ്‌നോ: മുഹമ്മദ് അഖ്‌ലാഖിലെ തല്ലിക്കൊന്ന ഹിന്ദുത്വ സംഘത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ അതേ വാദങ്ങള്‍ ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേസില്‍ ജാമ്യം നേടാന്‍ രണ്ടു പ്രതികള്‍ 2017ല്‍ ഉന്നയിച്ച വാദങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്ന് ജാമ്യാപേക്ഷയിലെ ആ വാദങ്ങളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നതാണ് വിരോധാഭാസം. കേസിലെ പ്രധാന സാക്ഷികളുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേസിലെ രണ്ടു പ്രതികളായ പുനീതും അരുണും 2017ല്‍ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ വാദിച്ചത്. 2015 സെപ്റ്റംബര്‍ 19നും ഒക്ടോബര്‍ 15നും അഖ്‌ലാഖിന്റെ ഭാര്യ ഇഖ്രമന്‍ നല്‍കിയ മൊഴികളില്‍ തങ്ങളുടെ പേരില്ലെന്നാണ് ഇരുവരും വാദിച്ചത്. അഖ്‌ലാഖിന്റെ മകള്‍ ശൈസ്തയുടെ മൊഴിയിലും പേരുകള്‍ ഇല്ല. പിന്നീട് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് പേരുകള്‍ വന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇത് പരിഗണിച്ചാണ് 2017 ഏപ്രില്‍ ആറിന് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പുനീതും അരുണും ജാമ്യം നേടിയതിന് പിന്നാലെ ശിവം, ഗൗരവ്, സന്ദീപ്, ഭീം, സൗരഭ്, ഹരി ഓം, വിശാല്‍, ശ്രീ ഓം, വിവേക് രൂപേന്ദ്ര എന്നിവരും സമാനമായ വാദങ്ങള്‍ ഉന്നയിച്ച് ജാമ്യം നേടി.

ബിജെപി നേതാവിന്റെ മകന്‍ വിശാല്‍ റാണ, അയാളുടെ ബന്ധു ശിവം അടക്കം 19 പേര്‍ക്കെതിരെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിശാലും ശിവവും ആളുകളെ സംഘടിപ്പിച്ച് അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ആക്രമിച്ചെന്നുമാണ് കേസ്. എന്നാല്‍, ഈ കേസ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മറ്റുസാക്ഷികളായ അസ്‌കരി, ഡാനിഷ് എന്നിവരുടെ മൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ആരോപിക്കുന്നു. അഖ്‌ലാഖിന്റെ കുടുംബവും പ്രതികളും ബിസാദ ഗ്രാമക്കാരാണെങ്കിലും പ്രതികളുടെ എണ്ണത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രധാന ആരോപണം.