യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്ന് പോലിസ്; രണ്ടു തവണ വെടിയേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ (video)
അസംഗഡ്: റോഡപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് പോലിസ് കൊണ്ടുവന്ന യുവാവിന് രണ്ടുതവണ വെടിയേറ്റിരുന്നുവെന്ന് ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ അസംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലിസ് കൊണ്ടുവന്ന പര്‍വേസ് അഹമദ് എന്ന യുവാവിന്റെ ശരീരത്തില്‍ തുളച്ചുകയറിയ രണ്ടു വെടിയുണ്ടകള്‍ കണ്ടെത്തിയെന്നാണ് ഡോ. മഹേന്ദ്ര വെളിപ്പെടുത്തിയത്. വെടിയുണ്ടകള്‍ ഇല്ലെന്ന രീതിയില്‍ മെഡിക്കല്‍ റിപോര്‍ട്ട് നല്‍കാന്‍ തനിക്ക് പോലിസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും താന്‍ അതിന് വിസമ്മതിച്ചെന്നും ഡോ. മഹേന്ദ്ര പറഞ്ഞു. ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞു.
Full View
ബിഹാറിലേക്ക് പശുക്കളെ കടത്താന്‍ ശ്രമിച്ച പര്‍വേസ് അഹമദ് അടക്കമുള്ളവരുമായി ഞായറാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായെന്നും അവരെ പിടികൂടിയെന്നും പോലിസ് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍, പോലിസ് തന്നെ പിന്നീട് ഏറ്റുമുട്ടല്‍ കഥ നിഷേധിച്ചു. അതിന് ശേഷമാണ് പര്‍വേസുമായി ആശുപത്രിയില്‍ എത്തിയത്. പര്‍വേസിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്നായിരുന്നു പുതിയ കഥ. എന്നാല്‍, പര്‍വേസിന്റെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകള്‍ കണ്ട ഡോ. മഹേന്ദ്ര വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടുകയായിരുന്നു. ഇതോടെ പശുക്കടത്തുകാരെ ഏറ്റുമുട്ടലിലൂടെ പിടികൂടിയെന്ന കഥയില്‍ പോലിസ് വീണ്ടും തിരിച്ചെത്തി. പോലിസ് നടപടികളില്‍ ദുരൂഹതയുണ്ടെന്ന് ആസാദ് അധികാര്‍ സേന ദേശീയ പ്രസിഡന്റ് അമിതാബ് താക്കൂര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിയും നല്‍കി.
