സംഭല്‍ മസ്ജിദിന് സമീപത്തെ വെടിവയ്പ്: അനുജ് ചൗധരി അടക്കം 12 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം 2024 നവംബറില്‍ വെടിവയ്പ് നടത്തിയ 12 പോലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സംഭല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന കുപ്രസിദ്ധ പോലിസ് ഉദ്യോഗസ്ഥനായ അനൂജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. സംഭല്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന അനുജ് തോമറും കേസില്‍ പ്രതിയാവും. പാലും ബിസ്‌ക്കറ്റും വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ആലം എന്ന യുവാവിനെ പോലിസ് വെടിവച്ചതിനെതിരെ പിതാവ് യാമീന്‍ നല്‍കിയ ഹരജിയിലാണ് സിജെഎം വിഭാന്‍ഷു സുധീര്‍ നടപടിക്ക് നിര്‍ദേശിച്ചത്.
സംഭല്‍ ശാഹി ജമാമസ്ജിദ് ഹിന്ദുക്ഷേത്രമാണമെന്ന ഹിന്ദുത്വരുടെ ഹരജിയെ തുടര്‍ന്നാണ് 2024 നവംബര്‍ 24ന് മസ്ജിദിന് സമീപം സംഘര്‍ഷമുണ്ടായത്. ജയ് ശ്രീ റാം വിളിച്ചാണ് സര്‍വേ സംഘം എത്തിയത്. പിന്നീട് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. അതിന് പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. മൊത്തം 2,200 പേരാണ് ഈ കേസുകളില്‍ പ്രതികളാക്കപ്പെട്ടത്. സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലി അടക്കമുള്ളവരെ ജയിലില്‍ അടക്കുകയും ചെയ്തു.