ദെഹുലി ദലിത് കൂട്ടക്കൊല: 44 വര്‍ഷത്തിന് ശേഷം മൂന്ന് സവര്‍ണരെ വധശിക്ഷയ്ക്ക് വിധിച്ചു

Update: 2025-03-18 14:08 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ദെഹുലിയില്‍ 1981ല്‍ 24 ദലിതുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ മൂന്നു സവര്‍ണര്‍ക്ക് വധശിക്ഷ. സവര്‍ണ്ണ ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന രാം സേവക് സിങ്, കാപ്തന്‍ സിങ്, രാം പാല്‍ സിങ് എന്നിവര്‍ക്കാണ് മൈന്‍പുരി ജില്ലാകോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ 17 പ്രതികളുണ്ടായിരുന്നെങ്കിലും 14 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു പോയി.

1980ല്‍ ദെഹുലി ഗ്രാമത്തിന് സമീപം പോലിസും സവര്‍ണ്ണ ക്രിമിനല്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവം ഗ്രാമത്തിലെ നാലുപേര്‍ കണ്ടിരുന്നു. ഇവര്‍ ക്രിമിനല്‍ സംഘത്തിനെതിരെ മൊഴിയും നല്‍കി. ഇതോടെയാണ് 1981 നവംബര്‍ പതിനെട്ടിന് ക്രിമിനല്‍ സംഘം ഗ്രാമത്തില്‍ എത്തി കൂട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം 24 ദലിതുകളാണ് കൊല്ലപ്പെട്ടത്. ഈ സംഭവം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം, 1981 ഡിസംബര്‍ 30ന് സമീപത്തെ സാധുപൂര്‍ ഗ്രാമത്തില്‍ സമാനമായ ആക്രമണം നടന്നു. ആറ് സ്ത്രീകള്‍ അടക്കം പത്ത് ദലിതരെയാണ് ഒരു കൊള്ളസംഘം കൂട്ടക്കൊല ചെയ്തത്.