''യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരന്‍, ഉത്തരാഖണ്ഡിലേക്ക് തിരിച്ചയക്കണം'': അഖിലേഷ് യാദവ് എംപി

Update: 2025-10-12 13:50 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരനാണെന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയക്കണമെന്നും സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് എംപി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കായി ഉപയോഗിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനാണ് അഖിലേഷ് ശക്തമായ മറുപടി നല്‍കിയത്. '' ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള്‍ പ്രചരിപ്പിക്കുകയാണ്. ആരെങ്കിലും അത് വിശ്വസിച്ചാല്‍ അയാളുടെ കഥ കഴിഞ്ഞു. ആളുകള്‍ പ്രവാഹമായി എത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. യുപിയില്‍ നുഴഞ്ഞുകയറ്റക്കാരുണ്ട്. മുഖ്യമന്ത്രി ഉത്തരാഖണ്ഡുകാരനാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയക്കണം. അദ്ദേഹം വെറുമൊരു നുഴഞ്ഞുകയറ്റക്കാരനല്ല. ആശയശാസ്ത്രപരമായി നോക്കിയാലും നുഴഞ്ഞുകയറ്റക്കാരനാണ്. അദ്ദേഹം ബിജെപി അംഗമല്ല, മറ്റൊരു പാര്‍ട്ടിയുടെ അംഗമാണ്. അപ്പോള്‍ എപ്പോഴാണ് നുഴഞ്ഞുകയറ്റുകാരെ പുറത്താക്കുന്നത് ?''-അഖിലേഷ് യാദവ് ചോദിച്ചു.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ രാജ്യത്ത് ദലിതുകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് ഈ സര്‍ക്കാരിന് കീഴിലാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. അടുത്തിടെ വാല്‍മീകി സമുദായത്തിലെ ഒരു യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ദലിതുകളും പിന്നാക്കക്കാരും കടുത്ത അനീതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയേണ്ട പോലിസ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കേസെടുത്തു കൊണ്ടിരിക്കുകയാണ്. അതിനാല്‍, സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. ഹരിയാനയില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സുപ്രിംകോടതി ചീഫ്ജസ്റ്റിന് നേരെ ചെരിപ്പെറിഞ്ഞു, വാല്‍മീകി സമുദായത്തിലെ യുവാവിനെ തല്ലിക്കൊന്നു ഇതൊന്നും സര്‍ക്കാര്‍ മനസിലാക്കുന്നില്ല. പക്ഷേ, ജനങ്ങള്‍ ഉണര്‍ന്നു തുടങ്ങിയെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.