ഹോളി പിരിവിന് എത്തിയവര്‍ മുസ്‌ലിം സഹോദരങ്ങളെ ആക്രമിച്ചു; ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു (VIDEO)

Update: 2025-03-12 14:05 GMT

വരാണസി: ഹോളി ദിനാഘോഷത്തിന് പിരിവിന് എത്തിയ സംഘം മുസ്‌ലിം സഹോദരങ്ങളെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് സംഭവം. ദിണ്ഡ്യാല്‍പൂര്‍ ഗ്രാമത്തിലെ നിയാസ് അഹമദ്, ഖുര്‍ഷിദ് അഹമദ് എന്നിവരാണ് ആക്രമണത്തിനിരയായത്. രാത്രിയാണ് സംഘം പിരിവിനെത്തിയതെന്ന് നിയാസ് അഹമദ് പറഞ്ഞു. ആ സമയത്ത് നിയാസ് തറാവീഹ് നമസ്‌കാരത്തിനായി പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോള്‍ സംഘം വീട്ടിന് പരിസരത്തുണ്ടായിരുന്നു. പൈസ കൂടുതല്‍ ചോദിച്ചായിരുന്നു ആക്രമണം.

''എന്നെ ആക്രമിച്ചവരെ എനിക്ക് നന്നായി അറിയാം. എനിക്ക് അവരോട് ഒരു ശത്രുതയും ഇല്ല. ഞാന്‍ ആ പ്രദേശത്തെ ആരോടും സംസാരിക്കാറില്ല. ഞാന്‍ എപ്പോഴും എന്റെ ജോലിയില്‍ മുഴുകിയിരിക്കും. ആ പ്രദേശത്തെ ആരോടും ഞാന്‍ അനാവശ്യമായി സംസാരിക്കാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം'':-നിയാസ് പറഞ്ഞു.

12-15 പേര്‍ ചേര്‍ന്നാണ് നിയാസിനെ ആക്രമിച്ചത്. ആക്രമണം തുടര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര്‍ ഇടപെട്ട് അക്രമികളെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അവരില്‍ ഒരാളായ ഖുര്‍ഷിദ് അഹമ്മദിനും മര്‍ദ്ദനമേറ്റു. ഖുര്‍ഷിദിന്റെ തലയ്ക്കും തോളിനും നിരവധി പരിക്കുകള്‍ പറ്റിയിട്ടുണ്ട്. 'ജയ് ശ്രീ റാം' എന്ന് വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും എതിര്‍ത്തപ്പോള്‍ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായും ഖുര്‍ഷിദ് പറഞ്ഞു. ആക്രമണത്തില്‍ കേസെടുത്തതായി സാരനാഥ് പോലിസ് അറിയിച്ചു.