വഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍ ചെയ്യാത്തവ ഉള്‍പ്പെടുത്താനാവില്ല
ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്വത്തുക്കള്‍ പുതുതായി രൂപീകരിക്കുന്ന സെന്‍ട്രല്‍ വഖ്ഫ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപോര്‍ട്ട്. ഉപയോഗം വഴി വഖ്ഫായതും എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്തതുമായ സ്വത്തുക്കളും ഒഴിവാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. 2025ലെ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന പുതിയ പോര്‍ട്ടല്‍, നിലവിലെ വഖ്ഫ് അസറ്റ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയെ അസാധുവാക്കും. പുതിയ പോര്‍ട്ടല്‍ ജൂണില്‍ ആരംഭിക്കും.
വഖ്ഫ് അസറ്റ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുകളും പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. മുതവല്ലിയാണ് ഇവ രജിസ്റ്റര്‍ ചെയ്യേണ്ടത്. വഖ്ഫ് ബോര്‍ഡ് അധികൃതര്‍ ഇത് പരിശോധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന് അംഗീകാരം നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. രാജ്യത്ത് ഏകദേശം 8.7 ലക്ഷം രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്നാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്ക്. ഉപയോഗം വഴി വഖ്ഫായ 4.2 ലക്ഷം സ്വത്തുക്കളും ഉണ്ട്. ഇവയെല്ലാം 39 ലക്ഷം ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.