''സിബിഐ ഉദ്യോഗസ്ഥനും പ്രതിയും ഒത്തുകളിച്ചു'' ഉന്നാവ് ബലാല്‍സംഗത്തില്‍ പരാതി നല്‍കി അതിജീവിത
ന്യൂഡല്‍ഹി: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറും സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥും ഒത്തുകളിച്ചെന്ന് പരാതി. കേസിലെ അതിജീവിത തന്നെയാണ് പരാതിക്കാരി. പ്രതിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയതോടെ വിവിധ കോണുകളില്‍ നിന്നും വീണ്ടും ഭീഷണികള്‍ എത്തുന്നതായി അതിജീവിത ചൂണ്ടിക്കാട്ടി. '' കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പ്രതിക്ക് ഗുണം കിട്ടാവുന്ന തരത്തില്‍ കേസിനെ മാറ്റി. ചില വസ്തുതകള്‍ ഒഴിവാക്കുകയും ചില കാര്യങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. ഇത് പ്രതിക്ക് ഗുണം ലഭിക്കാനായിരുന്നു. എന്റേതെന്ന പേരില്‍ അയാള്‍ ചില സ്‌കൂള്‍ രേഖകള്‍ കേസിന്റെ ഭാഗമാക്കി. ഞാന്‍ ആ സ്‌കൂളില്‍ പഠിച്ചിട്ടില്ല. ഹീര സീങ് എന്ന സ്ത്രീയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഞാന്‍ ഉപയോഗിച്ചെന്ന് രേഖകളില്‍ പറയുന്നു. ഞാന്‍ അങ്ങനെയൊരു നമ്പര്‍ ഉപയോഗിച്ചിട്ടില്ല.''-പരാതി പറയുന്നു.
ഉന്നാവ് കേസില്‍ സെംഗാറിനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കി. ഏഴു വര്‍ഷം തടവിന് ശിക്ഷിക്കാവുന്ന വകുപ്പുകളാണ് നിലനില്‍ക്കൂയെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. നിലവില്‍ തന്നെ ഏഴു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിനാല്‍ ജാമ്യം നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. ഈ ഇടക്കാല വിധിയെ ചോദ്യം ചെയ്ത് സിബിഐ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ ഉടന്‍ വാദം കേള്‍ക്കും. അതിജീവിതയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സെംഗാറിനെ പത്തുവര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.
