ഐക്യരാഷ്ട്രസഭാ ആസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നും ദോഹയിലേക്ക് മാറ്റണം: കൊളംബിയന്‍ പ്രസിഡന്റ്
ബൊഗോട്ട: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം യുഎസിലെ ന്യൂയോര്‍ക്കില്‍ നിന്നും മാറ്റണമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. തന്റെ വിസ പിന്‍വലിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിക്ക് പിന്നാലെയാണ് ഗുസ്താവോ പെട്രോ ഇക്കാര്യം ആവശ്യപ്പെട്ടത്. യുഎന്നില്‍ സംസാരിക്കാന്‍ എത്തുന്ന ഭരണാധികാരികള്‍ക്ക് നയതന്ത്രപരമായ പരിരക്ഷയുണ്ട്. വംശഹത്യയില്‍ നിന്നും യുഎസ്, ഇസ്രായേലി സൈനികര്‍ പിന്‍വാങ്ങണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിന് യുഎസ് എന്റെ വിസ പിന്‍വലിച്ചു. അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. അതിനാല്‍ തന്നെ യുഎന്‍ ആസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നും മാറ്റണം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎന്‍ ആസ്ഥാനം സ്ഥാപിക്കണം. ലോകരാജ്യങ്ങളുടെ സ്ഥിരം അന്താരാഷ്ട്ര വേദി ദോഹയാവണമെന്നും ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു.
'' 1947ലെ യുഎന്‍ ആസ്ഥാന ഉടമ്പടി വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളെ ന്യൂയോര്‍ക്കില്‍ പ്രവേശിപ്പിക്കാന്‍ യുഎസിനെ ബാധ്യതപ്പെടുത്തുന്നു. പക്ഷേ, ട്രംപ് ഭരണകൂടം അതിന് സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ യുഎന്‍ ആസ്ഥാനം മറ്റൊരു രാജ്യത്തേക്ക് മാറ്റണം. ഒരു രാജ്യത്തിന്റെ ബന്ധങ്ങളുടെയോ നിലപാടുകളുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാത്ത നിഷ്പക്ഷമായ രാജ്യത്തായിരിക്കണം ആസ്ഥാനം വേണ്ടത്.''-കൊളംബിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.