വിമാന അപകടം നടന്ന സ്ഥലത്ത് നിന്ന് റീലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രി; രാജിവയ്ക്കണമെന്ന് ആവശ്യം

Update: 2025-06-13 12:56 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് റീല്‍സ് തയ്യാറാക്കി പ്രചരിപ്പിച്ച കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായ്ഡുവിനെതിരെ വ്യാപക പ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലസംഗീതവും ചേര്‍ത്ത് എഡിറ്റ് ചെയ്ത് റീലാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

വിവേകമില്ലാത്ത വകുപ്പുമന്ത്രി ഇത്രയും ഔചിത്യമില്ലാതെ പെരുമാറരുതെന്നും മന്ത്രി സ്ഥാനത്തു തുടരാന്‍ അയാള്‍ അര്‍ഹനല്ലെന്നും നിരവധി പേര്‍ കമന്റിട്ടു. രാജ്യം ഞെട്ടിയ ദുരന്തത്തെ ഫോട്ടോഷൂട്ടാക്കി മാറ്റിയെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലെ ടിഡിപിയുടെ അംഗമാണ് രാം മോഹന്‍ നായ്ഡു.