തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂരിലെത്തിയപ്പോഴാണ് രാംദാസ് അഠാവ്ലെ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതംചെയ്തത്. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ പണം കേരളത്തിന് ലഭിക്കും. ഭരണത്തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ പിണറായി വിജയന്‍ എന്‍ഡിഎയിലേക്ക് വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയില്‍ ചേരണമെന്ന ഇത്തരം പരസ്യ പ്രഖ്യാപനങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും എന്ന ഭരണഘടനാപരമായ ഫെഡറല്‍ സംവിധാനത്തിന് ഘടകവിരുദ്ധമായ നിലപാടാണ് ഒരു കേന്ദ്രമന്ത്രി തന്നെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട തുക ഒരു 'സഹായം' എന്നതിലുപരി സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടിയോളം രൂപയാണ് കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കാന്‍ കുടിശിഖയുള്ളത്. അര്‍ഹമായ ഈ തുകയെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മറുപടി പറയുന്നത് ഭരണഘടനാലംഘനമാണ്. ഒരു കേന്ദ്രമന്ത്രിതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം പ്രസ്താവനകള്‍ പരസ്യമായി നടത്തുന്നത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള അതിശക്തമായ കടന്നാക്രമണമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.