ലബ്‌നാന് മുകളില്‍ പറന്ന ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ട് യുഎന്‍ സമാധാന സേന

Update: 2025-10-28 15:31 GMT


 



ബെയ്‌റൂത്ത്: ലബ്‌നാന് മുകളില്‍ പറന്ന ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ട് യുഎന്‍ സമാധാനസേന. കഫ്ര്‍ കില പ്രദേശത്താണ് ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2024 നവംബറില്‍ തന്നെ ലബ്‌നാന്‍ സര്‍ക്കാരും ഇസ്രായേലി സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍, ഇസ്രായേല്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും യുഎന്‍ സമാധാന സേനയെ ആക്രമിക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് യുഎന്‍ സമാധാന സേന ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടത്. യുഎന്‍ സമാധാന സേനയിലെ പട്രോള്‍ സംഘത്തിലെ ഫ്രഞ്ച് സൈനികരാണ് ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടത്.


കഴിഞ്ഞ ദിവസം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന യുഎന്‍ സൈന്യത്തെ ഇസ്രായേലി ടാങ്ക് ആക്രമിച്ചിരുന്നു. കൂടാതെ ഒരു ഡ്രോണ്‍ ഗ്രനേഡ് ഇടുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികരിക്കാന്‍ യുഎന്‍ സേന തീരുമാനിച്ചത്. യുഎന്‍ സുരക്ഷാ സമിതി പ്രമേയത്തിന്റെയും ലബ്‌നാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ് ഇസ്രായേലി ആക്രമണമെന്ന് യുഎന്‍ സമാധാന അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ യുഎന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

1978 മുതല്‍ ലബ്‌നാനില്‍ യുഎന്‍ സൈന്യം പ്രവര്‍ത്തിക്കുന്നു. ഏകദേശം 50 രാജ്യങ്ങളില്‍ നിന്നുള്ള സൈനികരാണ് യുഎന്‍ സമാധാന സേനയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ഇസ്രായേലി സൈന്യം നിരന്തരമായി ലബ്‌നാനില്‍ ആക്രമണം നടത്തുന്നു. ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ട യുഎന്‍ സേനയുടെ നടപടി അപൂര്‍വ്വമാണെന്ന് വിലയിരുത്തപ്പെടുന്നു.