ഇസ്രായേല്‍ ലബ്‌നാനില്‍ 8,000 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് യുഎന്‍ സൈന്യം
ബെയ്‌റൂത്ത്: ഇസ്രായേലി സൈന്യം ലബ്‌നാനില്‍ 8000 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് യുഎന്‍ സൈന്യം. 2,200 സൈനിക ആക്രമണങ്ങളും 6,200 വ്യോമാതിര്‍ത്തി ലംഘനങ്ങളും ഇസ്രായേല്‍ നടത്തിയെന്നാണ് യുഎന്‍ സേന അറിയിച്ചിരിക്കുന്നത്. 2024 നവംബറിലാണ് ഇസ്രായേലി സര്‍ക്കാരും ലബ്‌നാന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്. യുഎസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലായിരുന്നു കരാര്‍. ഇന്നലെ രാത്രി മുമ്പ് മൂന്നു ഇസ്രായേലി സൈനിക വാഹനങ്ങള്‍ തെക്കന്‍ ലബ്‌നാനിലെ നബാത്തിയ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. എടിവി മോഡല്‍ വാഹനങ്ങളാണ് നബാത്തിയയിലെ ഖല്ലത്ത് വര്‍ധ പ്രദേശത്ത് എത്തിയത്. ഇസ്രായേലി നിരീക്ഷണ ഡ്രോണുകള്‍ പ്രദേശത്ത് താഴ്ന്നുപറക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ യുഎസ് സര്‍ക്കാര്‍ ലബ്‌നാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കാന്‍ ലബ്‌നാന്‍ സൈന്യത്തിന് കഴിയാത്തതിനാല്‍ ആയുധം താഴെ വയ്ക്കില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. നിരായുധീകരണത്തിന്റെ പേരില്‍ ആഭ്യന്തരയുദ്ധമുണ്ടായാല്‍ അതിന് ഉത്തരവാദി ലബ്‌നാന്‍ സര്‍ക്കാരായിരിക്കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി.