കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കൊച്ചിയില്‍ കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതാണെന്ന് സംശയം. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ട്. സൂരജ് ലാമയുടെ മകനോട് കൊച്ചിയിലെത്താന്‍ പോലിസ് നിര്‍ദേശം നല്‍കി. കുവൈത്ത് സര്‍ക്കാര്‍ നാടുകടത്തിയ സൂരജ് ലാമ കൊച്ചിയിലാണ് വിമാനം ഇറങ്ങിയിരുന്നത്. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയില്‍ നടത്തിയിരുന്നു. ഇതിനിടയില്‍ ആണ് മൃതദേഹം കണ്ടെത്തുന്നത്.
കൊല്‍ക്കത്തയില്‍ വേരുകളുള്ള ലാമ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തില്‍ നാല് റസ്റ്ററന്റുകളുടെ ഉടമയാണ് സൂരജ്. സെപ്റ്റംബര്‍ അഞ്ചിന് കുവൈത്തില്‍ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഓര്‍മ്മ പൂര്‍ണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തില്‍നിന്ന് ഒക്ടോബര്‍ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓര്‍മ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് മകന്‍ സാന്റോണ്‍ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചില്‍ നടത്തുന്നതും വാര്‍ത്തകളായിരുന്നു. കളമശ്ശേരി ഭാഗത്ത് സൂരജ് ലാമ എത്തിയിരുന്നതായി സാന്റോണ്‍ ലാമ കണ്ടെത്തിയിരുന്നു. ഇതേ ഭാഗത്ത് നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
