ഔറംഗസീബിന്റെ ഖബര്‍ സംരക്ഷിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുഖ്യമന്ത്രി ഔറംഗസീബിനെ പോലെ തന്നെ ക്രൂരനാണെന്ന് കോണ്‍ഗ്രസ് നേതാവ്
മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ എന്ന ഔറംഗസീബിന്റെ ഖബര്‍ സംരക്ഷിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. താനെ ജില്ലയില്‍ ശിവാജിയുടെ പേരിലുള്ള ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയാണ് ഫഡ്‌നാവിസ് ഇങ്ങനെ പറഞ്ഞത്. ''ഔറംഗസീബിന്റെ ഖബര്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ശിവാജിയുടെ ശ്രമങ്ങള്‍ മൂലമാണ് നമുക്ക് ഇന്ന് നമ്മുടെ ദൈവങ്ങളെ സ്വതന്ത്രമായി ആരാധിക്കാന്‍ കഴിയുന്നത്. സ്വരാജ്യത്തിനും ദൈവത്തിനും നമ്മുടെ രാജ്യത്തിനും മതത്തിനും വേണ്ടി അദ്ദേഹം പോരാടി.''-ഫഡ്‌നാവിസ് പറഞ്ഞു.
ഔറംഗസീബ്
ഔറംഗസീബിന്റെ ഖബര്‍ എടുത്തുമാറ്റണമെന്ന് വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും ആവശ്യപ്പെട്ടതോടെ പോലിസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഖബര്‍ മാറ്റിയില്ലെങ്കില്‍ ബാബരി മസ്ജിദിനോട് ചെയ്തത് പോലെ ഖബറിനോട് ചെയ്യുമെന്ന് ബജ്‌റംഗ് ദള്‍ നേതാവ് നിതിന്‍ മഹാജന്‍ ഭീഷണി മുഴക്കി.
അതേസമയം, വിഎച്ച്പിക്കും ബജ്‌റംഗ്ദളിനും ഫഡ്‌നാവിസിനും എതിരെ കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് വര്‍ധനന്‍ സാപക് രംഗത്തെത്തി. മതത്തെ ഭരണത്തിനായി ഉപയോഗിക്കുന്ന ഫഡ്‌നാവിസ്, ഔറംഗസീബിനെ പോലെ തന്നെ ക്രൂരനാണെന്ന് ഹര്‍ഷ് വര്‍ധനന്‍ സക്പാല്‍ പറഞ്ഞു. '' ഏറ്റവും ക്രൂരനായ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു ഔറംഗസീബ്... ഭരണത്തിന് മതത്തെ ഒരു മറയായി അദ്ദേഹം ഉപയോഗിച്ചു...ദേവേന്ദ്ര ഫഡ്‌നാവിസും മതത്തെ ഉപയോഗിക്കുന്ന ക്രൂരനാണ്.''-സക്പാല്‍ കുറ്റപ്പെടുത്തി. ''ചിലര്‍ ഇപ്പോള്‍ ഔറംഗസീബിന്റെ ഖബര്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ശവകുടീരം തന്നെ ശിവാജി മഹാരാജിന്റെ മഹത്വത്തിന്റെ പ്രതീകമാണ്. ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രം മായ്ക്കാനുള്ള ഗൂഢാലോചനയാണിത്''- സക്പാല്‍ ആരോപിച്ചു.
1618 ഒക്‌ടോബര്‍ 24ന് ഇന്നത്തെ ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് 'അധികാരത്തിന്റെ അലങ്കാരം'എന്നാണര്‍ഥം. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും 'മുംതാസ് മഹല്‍' എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു മാതാപിതാക്കള്‍. ക്രി.ശേ 1658 മുതല്‍ 1707 വരെ ഔറംഗസേബ് ഭരിച്ചു. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു.
1707ല്‍ 87ആം വയസ്സില്‍ അന്തരിച്ച ഔറംഗസീബിനെ ഔറംഗബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഖുല്‍ദാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്, അവിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഖബറിടമായ 'ബീബി കാ മഖ്ബറ' സ്ഥിതി ചെയ്യുന്നത്.
തന്റെ അധ്യാപകനായ സയ്യിദ് സൈനുദ്ദീനെ അടക്കം ചെയ്തിരിക്കുന്ന ഖുല്‍ദാബാദില്‍ തന്നെയും അടക്കം ചെയ്യണമെന്ന് ഔറംഗസീബ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സയ്യിദ് സൈനുദ്ദീന്റെ സമുച്ചയത്തിനുള്ളിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്. ലളിതമായ രീതിയില്‍ അടക്കം ചെയ്യണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കി. പിന്നീട്, ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് കഴ്‌സണിന്റെ അഭ്യര്‍ത്ഥനപ്രകാരം ഹൈദരാബാദ് നിസാം ഖബറിന് ചുറ്റും ഗ്രില്‍ സ്ഥാപിച്ചു. ശിവാജിയുടെ മകന്‍ സംഭാജിയുടെ കഥ പറയുന്ന 'ഛാവ' എന്ന പേരിലുള്ള സിനിമ ഇറങ്ങിയ ശേഷം ഔറംഗസീബിനെതിരെ ഹിന്ദുത്വരുടെ കാംപയിന്‍ ശക്തമായിരിക്കുകയാണ്.
മറാത്തകള്‍ പ്രദേശം ഭരിക്കുമ്പോള്‍ (1674-1818) പോലും ഖബറില്‍ തൊട്ടിരുന്നില്ല. കൂടാതെ മറാത്ത സാമ്രാജ്യത്തിലെ അഞ്ചാം രാജാവായ ഛത്രപതി ശാഹു ഒന്നാമന്‍ (ഭരണകാലം 1708-1749) ഖബറില്‍ എത്തി ആദരാജ്ഞലിയും അര്‍പ്പിച്ചു.

