ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ പെന്‍ഷന്‍; ഇന്നുമുതല്‍ അപേക്ഷിക്കാം

Update: 2025-12-22 01:39 GMT

തിരുവനന്തപുരം: 35-60 പ്രായപരിധിയിലുള്ള ജോലിയില്ലാത്ത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും. 'സ്ത്രീസുരക്ഷാ പദ്ധതി' എന്ന പേരില്‍ പ്രതിമാസം 1000 രൂപ പെന്‍ഷനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. skmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാവിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍കാര്‍ഡുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

തെറ്റായവിവരം നല്‍കി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും. 35-60 പ്രായപരിധിയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വിമന്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. വിധവ, അവിവാഹിത, വികലാംഗര്‍ എന്നീ വിഭാഗത്തിലുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സര്‍വീസ്, കുടുംബ, ഇപിഎഫ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കും ആനുകൂല്യമുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലിയെടുക്കുന്നവരെ പരിഗണിക്കില്ല.

പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്നു ഹാജരാക്കണം. ഇവയില്ലാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്സി കോഡ്, ആധാര്‍വിവരങ്ങള്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സ്വയംസാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഉള്‍പ്പെടുത്തണം. തെറ്റായവിവരം നല്‍കി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.