രോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ കടലില്‍ എറിഞ്ഞെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗത്തില്‍ (യുഎന്‍എച്ച്‌സിആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ കടലില്‍ എറിഞ്ഞെന്ന ആരോപണത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം ആരംഭിച്ചു. 'മനസ്സാക്ഷിക്ക് നിരക്കാത്തതും അസ്വീകാര്യവുമായ പ്രവൃത്തികള്‍' അന്വേഷിക്കാന്‍ വിദഗ്ദ്ധനെ നിയമിച്ചതായി ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്യുന്നു.
'റോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ കപ്പലുകളില്‍ നിന്ന് കടലിലേക്ക് തള്ളിയിട്ടുവെന്നത് അതിരുകടന്ന പ്രവൃത്തിയാണ്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളും മൊഴികളും തേടുകയാണ്. എന്താണ് സംഭവിച്ചതെന്ന് പറയണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' -മ്യാന്‍മറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റപ്പോട്ടെ ടോം ആന്‍ഡ്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് 40 റോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ തായ്‌ലന്‍ഡ് അതിര്‍ത്തിക്കടുത്ത് കടലില്‍ എറിഞ്ഞത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയുടെ സംക്ഷിപ്ത രൂപം
2025 മെയ് 6ന്, യുഎന്‍എച്ച്‌സിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള നിരവധി റോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നു എന്ന നാട്യത്തില്‍ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ വിവിധ സ്‌റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. അവരെ വാനുകളിലും ബസ്സുകളിലും കയറ്റി 24 മണിക്കൂറിലധികം വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വച്ചു. പിന്നീട് ഡല്‍ഹിയിലെ ഇന്ദര്‍ലോക് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.
എന്നാല്‍, ബയോമെട്രിക് ശേഖരണത്തിന് ശേഷം 43 തടവുകാരെ മോചിപ്പിച്ചില്ല. പകരം, അവരെ രഹസ്യമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. പിന്നീട്, അവരെ കൈകള്‍ കെട്ടി കണ്ണുകള്‍ മൂടിക്കെട്ടി നിര്‍ബന്ധമായി നാവിക കപ്പലുകളില്‍ കയറ്റി. ആ യാത്ര മുഴുവനും അവര്‍ ആ അവസ്ഥയില്‍ തന്നെ തുടര്‍ന്നു. മ്യാന്‍മറിനടുത്തുള്ള സമുദ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍, അഭയാര്‍ത്ഥികളെ മ്യാന്‍മറിലെ സംഘര്‍ഷഭരിതമായ തനിന്തറി പ്രദേശത്തിനടുത്ത് സമുദ്രത്തില്‍ എറിഞ്ഞു.
ഈ മനുഷ്യത്വരഹിതമായ നടപടിക്ക് വിധേയനായ ഒരാള്‍ പിയുസിഎലിന് നല്‍കിയ ഓഡിയോ റെക്കോര്‍ഡിംഗില്‍ പറഞ്ഞത് ഇങ്ങനെയാണ്:
'ഞങ്ങളെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലേക്ക് സൈനിക വിമാനത്തില്‍ കൊണ്ടുപോയി. പിന്നീട്, ഞങ്ങളെ കൈകള്‍ കെട്ടി കണ്ണുകള്‍ മൂടിക്കെട്ടി നാവിക കപ്പലുകളില്‍ നിര്‍ബന്ധിച്ച് കയറ്റി. ഞങ്ങള്‍ ആ യാത്ര മുഴുവനും ആ അവസ്ഥയില്‍ തുടര്‍ന്നു. ഞങ്ങളെ നാവിക കപ്പലുകളില്‍ പീഡിപ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു, ചോദ്യം ചെയ്തു. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തുവെന്ന് ഞങ്ങളെ കുറ്റപ്പെടുത്തി. ഞങ്ങള്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്ന് ആണയിട്ടപ്പോള്‍, അഭിനയിക്കേണ്ടെന്ന് പറഞ്ഞു.
ഞങ്ങളോട് വളരെ മോശമായി പെരുമാറി. അവര്‍ അസഭ്യ ഭാഷ ഉപയോഗിക്കുകയും, ഞങ്ങളിലെ സ്ത്രീകള്‍ ലൈംഗികമായും മറ്റ് തരത്തിലുമുള്ള പീഡനത്തിനും അക്രമങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. തുടര്‍ന്ന്, ഞങ്ങളെ തായ്‌ലന്‍ഡിനോട് അതിര്‍ത്തി പങ്കിടുന്ന തനിന്തറിക്കടുത്തുള്ള കടലില്‍ എറിഞ്ഞു.''
40 അഭയാര്‍ത്ഥികളെ രക്ഷിച്ചതായി മ്യാന്‍മറിലെ സമാന്തര സര്‍ക്കാരായ എന്‍യുജി പറഞ്ഞിട്ടുണ്ട്. നേരത്തെ അവരോടൊപ്പം തടവിലാക്കപ്പെട്ട മറ്റ് 3 പേര്‍ ഇപ്പോഴും ഡല്‍ഹി പൊലീസിന്റെ ഇന്ദര്‍ലോക് ഡിറ്റന്‍ഷന്‍ സെന്ററിന്റെ കസ്റ്റഡിയിലാണെന്ന് അറിയുന്നു.''

