ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം; യുഎന്നില്‍ ചര്‍ച്ച ഉടന്‍

Update: 2025-07-28 14:06 GMT

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം സംബന്ധിച്ച് സൗദി അറേബ്യയും ഫ്രാന്‍സും വിളിച്ചു ചേര്‍ന്ന യുഎന്‍ യോഗം ഉടന്‍ തുടങ്ങും. ഇന്ന് തുടങ്ങുന്ന യോഗം 30നാണ് സമാപിക്കുക. ഇസ്രായേലും സഖ്യകക്ഷിയുമായ യുഎസും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ജൂണില്‍ യോഗം നടത്താനായിരുന്നു പദ്ധതിയെങ്കിലും ഇസ്രായേല്‍ ഇറാനെ ആക്രമിച്ച പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ദ്വിരാഷ്ട്ര പരിഹാരം മുന്‍കാലത്തേക്കാള്‍ ആക്രമിക്കപ്പെടുന്ന കാലമാണിതെന്നും അതിനാല്‍ രാഷ്ട്രീയ പ്രക്രിയ മാറ്റിവയ്ക്കാനാവില്ലെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബരോറ്റ് പറഞ്ഞു. 193 യുഎന്‍ അംഗരാജങ്ങള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ടെന്നും 40 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി സെപ്റ്റംബറില്‍ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 145 ലോകരാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുന്നുണ്ട്. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവില്ലെന്നാണ് സൗദിയുടെ നിലപാട്.