ഫിഫയും യുവേഫയും ഇസ്രായേലിനെ സസ്‌പെന്‍ഡ് ചെയ്യണം: യുഎന്‍ അന്വേഷണ കമ്മീഷന്‍

Update: 2025-09-23 16:58 GMT

ജനീവ: ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ഫിഫയില്‍ നിന്നും യുവേഫയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ദ സമിതി. വംശഹത്യ തടയല്‍, വംശഹത്യക്ക് പ്രേരിപ്പിക്കാതിരിക്കല്‍, ചെയ്തവരെ ശിക്ഷിക്കല്‍ എന്നിവ അന്താരാഷ്ട്ര നിയമത്തിന്റെ കാതലായ ഘടകമാണെന്ന് കിഴക്കന്‍ ജെറുസലേമും ഇസ്രായേലും അടക്കമുള്ള അടക്കമുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കുള്ള യുഎന്‍ അന്വേഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് സംഘടനകള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കരുത്. അനീതികളെ സാധാരണവല്‍ക്കരിക്കാന്‍ ഇസ്രായേലിനെ അനുവദിക്കരുത്. വംശഹത്യക്ക് മുന്നില്‍ നിഷ്പക്ഷത പാലിക്കരുതെന്ന നിലപാട് മറ്റുരാജ്യങ്ങള്‍ ഉയര്‍ത്തിപിടിക്കണം. ബഹിഷ്‌കരണം കളിക്കാര്‍ക്ക് എതിരെയല്ല, മറിച്ച് ഇസ്രായേലിന് എതിരെയാണ്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഉത്തരവാദിത്തം വ്യക്തികള്‍ വഹിക്കാന്‍ കഴിയില്ല. വന്‍തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ രാജ്യങ്ങളുടെ ടീമുകളെ മുന്‍കാലങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലും അതുവേണം. അതിനാല്‍ ഫിഫ, യുവേഫ പോലുള്ള സംഘടനകള്‍ ചുമതല നിറവേറ്റണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക അവകാശങ്ങള്‍ക്കുള്ള യുഎന്‍ പ്രത്യേക റപ്പോട്ടെ അലക്‌സാണ്ട്ര ക്‌സാന്താക്കി, വംശീയ വിവേചനത്തിന് എതിരെയുള്ള പ്രത്യേക യുഎന്‍ റപ്പോട്ടെ കെ പി അശ്വിനി, 1967ല്‍ ഇസ്രായേല്‍ അധിനിവേശത്തിന് ഇരയാക്കിയ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക യുഎന്‍ റപ്പോട്ടെ ഫ്രാഞ്ചെസ്‌ക അല്‍ബനീസ്, ബിസിനസ്-മനുഷ്യാവകാശ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളായ പിച്ചാമന്‍ യിയോഫാന്തോങ്, ഡാമിലോല ഒലാവുയി, ഫെര്‍ണാണ്ട ഹോപെന്‍ഹാം, ലൈറ ജാകുലെവിസിന്‍, റോബര്‍ട്ട് മക് കോര്‍ക്കഡേല്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.