കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
ഉമാ തോമസിന്റേത് അല്‍ഭുദകരമായ രക്ഷപ്പെടലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. ഒരുമാസം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നട്ടെല്ലിലെ പരുക്കുകള്‍ പൂര്‍ണമായി ഭേദപ്പെടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 2024 ഡിസംബര്‍ 29നാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അപകടമുണ്ടായത്. താല്‍ക്കാലിക സ്റ്റേജില്‍ സുരക്ഷാ വേലിയില്ലാത്തതിനാല്‍ 15 അടി താഴ്ച്ചയിലേക്കാണ് എംഎല്‍എ വീണത്.