കരീബിയനിലെ ആക്രമണങ്ങള്‍: യുഎസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയെന്ന് യുകെയും കൊളംബിയയും

Update: 2025-11-13 11:14 GMT

ബൊഗോട്ട: കരീബിയനില്‍ ബോട്ടുകള്‍ ആക്രമിക്കുന്ന യുഎസിന് രഹസ്യവിവരങ്ങള്‍ നല്‍കില്ലെന്ന് യുകെയും കൊളംബിയയും പ്രഖ്യാപിച്ചു. ഈ രണ്ടു രാജ്യങ്ങളും രഹസ്യവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ലെന്ന് യുഎസും പ്രഖ്യാപിച്ചു. എന്നാല്‍, കരീബിയനെ കുറിച്ച് യുഎസിന് 85 ശതമാനം വിവരങ്ങളും നല്‍കുന്നത് കൊളംബിയന്‍ സര്‍ക്കാരാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. യുഎസുമായി ഇപ്പോള്‍ പഴയ പോലെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് കാനഡ സര്‍ക്കാരും അറിയിച്ചു. വെനുസ്വേലക്കാര്‍ സഞ്ചരിക്കുന്ന ബോട്ടുകള്‍ക്ക് നേരെ യുഎസ് നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കും നിലപാടുണ്ട്. യുഎസ് പ്രതിരോധ വകുപ്പിലെ അഭിഭാഷകനായ അഡ്മിറല്‍ ആല്‍വിന്‍ ഹോല്‍സ്‌ലി തന്റെ പദവി രാജിവയ്ക്കുകയാണ്.