നിരീക്ഷണ വിമാനത്തിന് നേരെ റഷ്യന്‍ ചാരക്കപ്പല്‍ ലേസര്‍ രശ്മി അടിച്ചെന്ന് ബ്രിട്ടന്‍
ലണ്ടന്‍: ബ്രിട്ടീഷ് നിരീക്ഷണവിമാനത്തിന് നേരെ റഷ്യന്‍ ചാരക്കപ്പല്‍ ലേസര്‍ രശ്മികള്‍ അടിച്ചെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി. സ്‌കോട്ട്‌ലാന്‍ഡിന് സമീപമാണ് സംഭവമെന്ന് ജോണ്‍ ഹീലി മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ നടപടികളെ ഗൗരവത്തോടെയാണ് കാണുന്നത്. ''അവരുടെ കപ്പല്‍ ഇത് രണ്ടാം തവണയാണ് സ്‌കോട്ട്‌ലാന്‍ഡിന് സമീപം എത്തുന്നത്. എനിക്ക് റഷ്യയോടും പ്രസിഡന്റിനോടും ഇത്രയും പറയാനുണ്ട്. ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കാണുന്നു. ഇനിയും കപ്പല്‍ എത്തിയാല്‍ ഞങ്ങള്‍ എന്തിനും തയ്യാറാണ്.''-ജോണ്‍ ഹീലി നിലപാട് വ്യക്തമാക്കി.
റഷ്യയുടെ യന്തര്‍ എന്ന കപ്പലാണ് സ്‌കോട്ട്‌ലാന്‍ഡിന് സമീപം എത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യം നിരീക്ഷണവിമാനം അയച്ചു. അപ്പോഴാണ് നിരീക്ഷണവിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന ലേസര്‍ രശ്മികള്‍ കപ്പല്‍ പുറത്തുവിട്ടത്. ഈ ലേസറുകള്‍ വിമാനത്തെയും അതിലെ ക്രൂവിനെയും ബാധിക്കുമെന്നാണ് ബ്രിട്ടന്‍ പറയുന്നത്.
എന്നാല്‍, വിഷയത്തില്‍ ബ്രിട്ടനുമായി ഇത്തരത്തില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് റഷ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ''ഞങ്ങളുടെ പ്രവൃത്തികള്‍ ബ്രിട്ടന്റെ താല്‍പര്യത്തെ ബാധിക്കുന്ന കാര്യമല്ല. അവരുടെ സുരക്ഷയേയും വിഷയം ബാധിക്കില്ല. പരമ്പരാഗതമായ റഷ്യഫോബിയ മാത്രമാണ് ഇത്. അനാവശ്യകാര്യങ്ങള്‍ ചെയ്ത് യൂറോപ്പില്‍ പ്രതിസന്ധികളുണ്ടാക്കരുതെന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളൂ.''-റഷ്യന്‍ എംബസിയുടെ പ്രസ്താവന പറയുന്നു.
