എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി

Update: 2025-11-22 13:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. എറണാകുളത്തും വയനാട്ടിലും യുഡിഎഫിന്റെ പത്രികകള്‍ തള്ളി. പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളും തള്ളി. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ നാമനിര്‍ദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനില്‍നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നല്‍കിയ പത്രികയാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചത് ഡിവിഷന് പുറത്തുനിന്നുള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയത്. ഇതിനെതിരെ അപ്പീല്‍ പോകാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.

കല്‍പറ്റയില്‍ നഗരസഭാ ചെയര്‍മാനായി പരിഗണിക്കാനിരുന്ന ടി വി രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക തള്ളി. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ക്കാത്തതാണ് കാരണം. ഡമ്മിയായി പത്രിക നല്‍കിയിരുന്ന സി എസ് പ്രഭാകരന്‍ ആണ് രവീന്ദ്രനുപകരം ആ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക.

പാലക്കാട് നഗരസഭയിലെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. നഗരസഭാ വാര്‍ഡ് 50 കര്‍ണ്ണകി നഗര്‍ വെസ്റ്റ്, 51 വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. മുന്‍വര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.