തലശ്ശേരി: ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാഞ്ഞരത്തീന്‍കീഴില്‍ നിന്ന് കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകയുമായ ടി പി അറുവ (29) ബിജെപി പ്രവര്‍ത്തകനൊപ്പം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച യുവതിയെ യുവാവിനൊപ്പം മജിസ്‌ട്രേറ്റ് വിട്ടയച്ചു. യുവതിയെ കാണാതായ സംഭവത്തെ വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തുന്ന നാടകമായാണ് യുഡിഎഫ് വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവില്ലെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം.
പിന്നാലെ അറുവയെ കാണാനില്ലെന്ന് മാതാവ് ചൊക്‌ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം ഇവര്‍ പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ എന്‍ പി സജിതയും ബിജെപിയിലെ പ്രബിജയുമാണ് അറുവയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.