ഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ദേവഭൂമി' രൂപീകരണത്തിലെ നിര്‍ണായക ചുവടുവയ്‌പെന്നും പ്രഖ്യാപനം

''തുപ്പല്‍ ജിഹാദ്'' തടയാനും നിയമം വരുമെന്ന്

Update: 2025-01-11 04:20 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത വ്യക്തി നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി. 'ദേവഭൂമി' സ്ഥാപിക്കുന്നതില്‍ ഇത് നിര്‍ണായകമായ ചുവടുവയ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ആദിവാസികള്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, അനന്തരാവകാശം എന്നീ കാര്യങ്ങളില്‍ ഒരു നിയമമായിരിക്കും ബാധകം. എല്ലാ വിവാഹങ്ങളും ലിവ് ഇന്‍ റിലേഷനുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ വിശുദ്ധ നദികളെ പോലെ ഏകീകൃത സിവില്‍കോഡും രാജ്യത്തെ ഏകീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബറെയ്‌ലില്‍ നടന്ന ഉത്തരായണി മേളയില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ഹരിദ്വാറിനെയും ഋഷികേശിനെയും ഉള്‍പ്പെടുത്തി ഗംഗാ ഇടനാഴി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ശാരദാ നദി ഇടനാഴിക്ക് പുറമെയാണിത്. കൂടാതെ മതപരിവര്‍ത്തനം തടയല്‍ നിയമം, കലാപം തടയല്‍ നിയമം തുടങ്ങിയ നിയമങ്ങളും ഉടന്‍ വരും. സംഘര്‍ഷങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായാല്‍ ഉത്തരവാദികളില്‍ നിന്നും പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. ''ലാന്‍ഡ് ജിഹാദിന്റെ'' ഭാഗമായി തട്ടിയെടുത്ത 5,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വീണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. ''തുപ്പല്‍ ജിഹാദ്' തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുതായി അദ്ദേഹം പറഞ്ഞു.

Tags: