രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ അതിവേഗം തീരുമാനമെടുക്കണം: ഹൈക്കോടതി

Update: 2025-11-14 09:15 GMT

കൊച്ചി: മാവോവാദി നേതാവ് എന്നാരോപിച്ച് ജയിലില്‍ അടച്ച തൃശൂര്‍ സ്വദേശി ടി ആര്‍ രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രൂപേഷ് നല്‍കിയ അപേക്ഷയില്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ആ തീരുമാനം രൂപേഷിനെ അറിയിക്കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശിച്ചു. ജയില്‍വാസമോ തടവുശിക്ഷയോ ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കില്ല. തടവുകാര്‍ക്ക് എഴുതാനും വായിക്കാനും അവകാശമുണ്ടെന്ന് കേരള ജയില്‍ ചട്ടങ്ങള്‍ പറയുന്നുണ്ട്. അതിനാല്‍ രൂപേഷിന്റെ അപേക്ഷ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വിശദീകരിച്ചു.

മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് രൂപേഷിനെ പോലിസ് ജയിലില്‍ അടച്ചിട്ടുള്ളത്. ജയിലില്‍ കിടക്കുമ്പോള്‍ തന്നെ രൂപേഷ് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. കൂടാതെ മറ്റു രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. അതിനിടയിലാണ് ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ നോവല്‍ എഴുതിയത്. ഈ നോവലിന്റെ കൈയ്യെഴുത്ത് പ്രതി അടക്കമാണ് രൂപേഷ് അപേക്ഷ നല്‍കിയത്. ഇത് ജയില്‍ ഡിജിപിയുടെ കൈവശമെത്തിയിട്ടും തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ അമ്മിണിക്കുട്ടി കോടതിയെ അറിയിച്ചു. എന്നാല്‍, പുസ്തകത്തില്‍ അനാവശ്യ പരാമര്‍ശങ്ങളുണ്ടോയെന്ന് പരിശോധിക്കണം. പുസ്തകം വിശദമായി പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാവൂയെന്നും അവര്‍ അറിയിച്ചു.

ചിന്തകളും സ്വപ്നങ്ങളും ആന്തരികവും അദൃശ്യവുമാകയാല്‍ ബാഹ്യ നിയന്ത്രണത്തിനോ അതീതമാണെന്ന് ഓര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഇതിന് മറുപടി നല്‍കി. '' അവ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആത്യന്തിക മേഖലയാണ്, അവിടെ ഭാവനയും പ്രതിഫലനവും നിയന്ത്രണങ്ങളില്ലാതെ വളരുന്നു. ഈ ആന്തരിക പരമാധികാരം മനുഷ്യന്റെ അന്തസ്സിന്റെ ഒരു അടിസ്ഥാന വശമാണ്. അമൂര്‍ത്ത ചിന്തകള്‍ സ്ഫടികീകരിക്കപ്പെടുകയും ക്രമപ്പെടുത്തപ്പെടുകയും ചെയ്യുമ്പോള്‍, അവ വാക്കുകളുടെയും വാക്യങ്ങളുടെയും രൂപം സ്വീകരിക്കുന്നു. ചില വ്യക്തികള്‍ക്ക് അവരുടെ ചിന്തകള്‍ക്ക് രൂപം നല്‍കാന്‍ ശാന്തമായ സ്ഥലങ്ങള്‍ ആവശ്യമാണെങ്കിലും ചിലര്‍ക്ക് അത് ജയിലിന്റെ പരിധിക്കുള്ളിലും ചെയ്യാന്‍ കഴിയും. സ്വാംശീകരിക്കപ്പെട്ട ചിന്തകള്‍, എഴുതുകയോ അച്ചടിക്കുകയോ ചെയ്യുമ്പോള്‍ അവയുടെ ക്ഷണികത നഷ്ടപ്പെടുകയും സ്ഥിരമായി മാറുകയും ചെയ്യുന്നു. ഹരജിക്കാരനെപ്പോലുള്ള തടവുകാരുടെ എഴുത്തുകളുടെ പരിശോധന കൂടുതല്‍ കര്‍ശനമാവാം. പക്ഷേ, തടസമുണ്ടാവരുത്.''-കോടതി വിശദീകരിച്ചു.