സൗദിയില്‍ ഫലസ്തീന്‍ രാജ്യമുണ്ടാക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് യുഎഇ

Update: 2025-02-09 04:08 GMT

അബൂദബി: സൗദി അറേബ്യയില്‍ ഫലസ്തീന്‍ രാജ്യമുണ്ടാക്കണമെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് യുഎഇ. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

സൗദി അറേബ്യയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവക്കെതിരായ ഭീഷണികള്‍ അംഗീകരിക്കാനാവില്ല. സൗദിയുടെ പരമാധികാരം ആര്‍ക്കും അതിക്രമിച്ചു കയറാന്‍ കഴിയാത്ത ചുവപ്പുരേഖയാണ്. ഫലസ്തീനികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനും യുഎഇ എതിരാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്വതന്ത്രമായ ഫലസ്തീന്‍ രാജ്യം അനിവാര്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാന്‍ കഴിയൂ എന്നും യുഎഇയുടെ പ്രസ്താവന പറയുന്നു.

സൗദിയില്‍ ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്നാണ് വാഷിങ്ടണ്‍ സന്ദര്‍ശന വേളയില്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. സൗദി അറേബ്യയില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കാന്‍ സൗദികള്‍ക്ക് കഴിയും. അവര്‍ക്ക് അവിടെ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു.